അമൃത സ്‌നേഹം ആനന്ദമാകുമ്പോൾ
ലോകത്തെ എല്ലാ മനുഷ്യരും സുഖവും ശാന്തിയും കാംക്ഷിക്കുന്നു. എല്ലാ ബന്ധങ്ങളും ഇതിനെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാകും. അതിനു പോറലോ ഉലച്ചിലോ തട്ടുമ്പോൾ അശാന്തിയും അസുഖവും അനുഭവപ്പെടുന്നു. മനുഷ്യരിൽ ബഹുഭൂരിപക്ഷവും സ്വന്തം സുഖവും സ്വന്തം ക്ഷേമവും കരുതി ജീവിക്കുന്നവരാണ്. എന്നാൽ മഹത്തുക്കൾ അങ്ങനെയല്ല. സ്വന്തം സുഖവും നേട്ടങ്ങളും ത്യജിച്ച് 'അന്യനുതകി സ്വജീവിതം" ധന്യമാക്കുന്നു. ആ ഗണത്തിൽപ്പെടുന്ന മഹാത്മാവാണ് 72-ാം ജന്മദിന നിറവിലെത്തിയ മാതാ അമൃതാനന്ദമയിദേവി.
ലോകത്തെ, അതിമഹത്തായ ഒരു വിശാല കുടുംബമായി നമ്മുടെ ഋഷിമാരും സംസ്‌കാരവും ദർശിച്ചിരുന്നു. സർവചരാചരങ്ങളും ഒരുമയോടെ കുടുംബാംഗങ്ങളെപ്പോലെ വസിക്കണമെന്നതായിരുന്നു ആ ദർശനങ്ങളുടെ കാതൽ. ഈശ്വരന്റെ പൂർണ അവതാരങ്ങളായും അംശാവതാരങ്ങളായും പിറന്നവരെല്ലാം ലോക ക്ഷേമമാണ് ആഗ്രഹിച്ചത്. മനുഷ്യജന്മമെടുത്താലും കർമ്മ മാഹാത്മ്യത്തിലൂടെ അനശ്വരതയിലേക്ക് ഉയരുന്നവർ എക്കാലവും വാഴ്‌ത്തപ്പെടുന്നു. എല്ലാവരും ആത്മസഹോദരർ എന്നാണ് യുഗപ്രഭാവനായ ശ്രീനാരായണഗുരു വിശേഷിപ്പിച്ചത്. ലോക ക്ഷേമത്തിനു വേണ്ടിയാണ് അദ്ദേഹം തന്റെ ആയുസും വചസും വപുസും വിനിയോഗിച്ചത്. തന്റെ ജന്മം സഹജീവികളുടെ ക്ഷേമത്തിനും ശാന്തിക്കും വേണ്ടി ഉഴിഞ്ഞുവച്ച മാതാ അമൃതാനന്ദമയിയുടെ ജന്മദിനം സ്നേഹത്തിന്റെ പുണ്യദിനം കൂടിയായാകുന്നത് അതുകൊണ്ടാണ്.
കടലമ്മയുടെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി ഒരു കടലോരഗ്രാമത്തിൽ വളർന്ന ബാലിക ലോകത്തെയാകെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ ദേവിയും മാതൃകയുമായി മാറുന്നു. കല്ലും മുള്ളും നിറഞ്ഞ വഴികളും വിമർശനങ്ങളുടെ വേലിയേറ്റങ്ങളും അവരുടെ മുന്നിലുണ്ടായിരുന്നു. അതൊന്നും കാണാതെയും വകവയ്ക്കാതെയും ലോകക്ഷേമ മന്ത്രമുരുവിട്ട് അവർ മുന്നേറി. കല്ലെറിഞ്ഞവരിൽ തന്നെ ഒരുവിഭാഗം പിന്നീട് കൈകൂപ്പുന്നവരായി മാറി. ഇരുട്ടിന്റെ നീണ്ട യാമങ്ങൾ പിന്നിട്ടാണല്ലോ പ്രഭാതത്തിന്റെ പൊൻകതിരുകൾ കടന്നുവരുന്നതും. ഇന്ന് അവർ കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം അമ്മയല്ല. ലോകത്തിന്റെയാകെ മാതാവാണ്. അവരുടെ സേവനത്തിനും സ്നേഹത്തിനും അതിർവരമ്പുകളില്ല. 72-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകളും ലോകശാന്തിയും സേവന മാഹാത്മ്യവും വിളംബരം ചെയ്യുന്നവയാണ്. ഗുരുപാദ പൂജയ്ക്കുശേഷം അമ്മയുടെ നേതൃത്വത്തിൽ നടന്ന സത്സംഗം, വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദിവാസി ഗോത്രാംഗങ്ങൾ നയിച്ച ലോകശാന്തി പ്രാർത്ഥന എന്നിവ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തം.
നിർദ്ധനരായ യുവതീയുവാക്കളുടെ സമൂഹവിവാഹം, അമൃതാനന്ദമയി മഠത്തിനു കീഴിലുള്ള 15,000ത്തിലധികം വരുന്ന സ്വാശ്രയ സംഘങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വസ്‌ത്രങ്ങളുടെയും പ്രവർത്തന മൂലധനത്തിന്റെയും വിതരണം എന്നിവയും മാതൃകാപരമാണ്. ഭൗതികശാസ്‌ത്രവും സാഹചര്യങ്ങളും ഇന്നു ഏറെ പുരോഗമിച്ചിട്ടുണ്ട്. ലോകം തന്നെ നമ്മുടെ വിരൽത്തുമ്പിൽ സ്പർശിച്ചു നിൽക്കുന്നു. എന്നാൽ പ്രതീക്ഷിച്ച സ്നേഹവും പരിഗണനയും കിട്ടാതെ ചിന്തകളിലും മനസിലും സ്വയം ഒറ്റപ്പെട്ടുപോകുന്നവർ ധാരാളം. തങ്ങളുടെ സ്വകാര്യ ദുഃഖങ്ങൾക്ക് ചെവിയോർക്കാനും ആശ്വാസം പകരാനും ഒരമ്മ അരികിലുണ്ടെന്ന ബോധം ആശ്രയിക്കുന്ന പതിനായിരങ്ങൾക്ക് ആനന്ദവും സാന്ത്വനവുമാണ്. ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും അമൃതാനന്ദമയി മഠം വിലപ്പെട്ട സേവനം കാഴ്ചവയ്ക്കുന്നു. കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളിൽ സൗജന്യ ശസ്‌ത്രക്രിയകൾ, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പാവപ്പെട്ടവർക്ക് 6,000 ടോയ്‌ലറ്റുകൾ നിർമ്മിച്ചുനൽകൽ പദ്ധതി എന്നിവയും ജന്മദിന സേവനത്തിന്റെ പട്ടികയിൽപ്പെടുന്നു. വാക്കിൽ വിടരുന്ന കാഴ്ചപ്പാടുകൾ ആഹ്ളാദകരമാണ്. അതേസമയം അവ കർമ്മപഥത്തിലെത്തുമ്പോൾ കൂടുതൽ മഹത്തരമാകുന്നു. ആത്മീയതയുടെ ഒരുവശം മനുഷ്യസേവനമാണെന്ന സന്ദേശവും അതിലൂടെ പരക്കുന്നു.