വിഴിഞ്ഞത്ത് ഉടൻ ഭൂമി ഏറ്റെടുക്കണം
തുറമുഖവുമായി ബന്ധപ്പെട്ട ബിസിനസിന്റെ വളർച്ചയിലൂടെ ലോകത്ത് അതിവേഗ പുരോഗതി ആർജ്ജിച്ച രാജ്യമാണ് സിംഗപ്പൂർ. എണ്ണ ഖനനം വളരെ കുറവായ ദുബായിയുടെ വളർച്ചയും തുറമുഖ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെ ചരക്കു ഗതാഗതത്തിന്റെ പ്രധാന കവാടമായി മാറുന്ന വിഴിഞ്ഞത്തിലൂടെ വൻ വ്യവസായ കുതിപ്പാവും കേരളത്തിലും സംഭവിക്കുക. ഇതു മുന്നിൽക്കണ്ട് വിഴിഞ്ഞം തുറമുഖം പ്രയോജനപ്പെടുത്തി വ്യവസായ വികസനം സാദ്ധ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനും സർക്കാർ ഒരുങ്ങുന്നത് തികച്ചും അഭിനന്ദനീയമാണ്. ദുബായിലും സിംഗപ്പൂരിലും പോർട്ട് സിറ്റി വികസിപ്പിച്ച മാതൃകയിൽ വിഴിഞ്ഞവും വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന് കൺസൾട്ടൻസിയെ നിയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. പ്രാരംഭച്ചെലവിന് 1.83 കോടി രൂപയും അനുവദിച്ചു.
2024 ജൂലായിലാണ് വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് വന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മെസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് ആദ്യമായി 2000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കിയത്. ഫീഡർ കപ്പലുകളിൽ കയറ്റി ഇത് വിവിധ തുറമുഖങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ചെറുതും വലുതുമായ നിരവധി കപ്പലുകൾ വിഴിഞ്ഞത്ത് എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം കണ്ടെയ്‌നറുകൾ തുറമുഖത്തിന് കൈകാര്യം ചെയ്യാനായി എന്നത് ഭാവിയിലെ വൻ വ്യവസായ സാദ്ധ്യതകളിലേക്ക് വിരൽചൂണ്ടുന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട റോഡ്, റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
അങ്ങനെ വരുമ്പോൾ കയറ്റുമതി, ഇറക്കുമതി, സ്റ്റോറേജ് സൗകര്യങ്ങൾ തുടങ്ങിയവയ്ക്കുള്ള മാസ്റ്റർ പ്ളാൻ ആവശ്യമാണ്. ഇതിനായി സർക്കാർ ആദ്യം ചെയ്യേണ്ടത് ഭൂമി ഏറ്റെടുക്കലാണ്. മാസ്റ്റർ പ്ളാൻ നടപ്പായാൽ മാത്രമേ കണ്ടെയ്‌നറുകൾ ചെറുകപ്പലുകളിൽ കൊണ്ടുപോകുന്ന ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമെന്ന നിലയിൽ നിന്ന് മാറി പൂർണ തുറമുഖമെന്ന അവസ്ഥയിലേക്ക് വിഴിഞ്ഞം മാറുകയുള്ളൂ. അപ്പോൾ മാത്രമേ വ്യവസായ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയുള്ളൂ. ലോജിസ്റ്റിക് പാർക്ക്, വെയർഹൗസുകൾ എന്നിവ ഒരുക്കാൻ കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലം കൂടി ആവശ്യമുണ്ട്. ഇത് എത്രയും വേഗം ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. ഇതിനായി ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി ഈ സ്ഥലങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് പാട്ടത്തിന് നൽകുന്നതിലൂടെ സർക്കാരിന് ലഭിക്കും.
വിഴിഞ്ഞത്തിന്റെ സാദ്ധ്യത കണ്ട് തമിഴ്‌നാട് വ്യവസായ പാർക്കുകൾക്കായി വൻതോതിൽ ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഒരു നിമിഷം പോലും സംസ്ഥാന സർക്കാർ പാഴാക്കാൻ പാടില്ല. നല്ല വില ലഭിക്കുകയാണെങ്കിൽ സ്ഥലം വിട്ടുതരാനുള്ള താത്‌പര്യം ഭൂരിപക്ഷം ഭൂമി ഉടമകളും നേരത്തേ തന്നെ അറിയിച്ചിട്ടുള്ളതാണ്. വിദേശത്ത് നിന്നടക്കം വൻ നിക്ഷേപത്തിന് താത്‌പര്യമറിയിക്കാറുണ്ടെങ്കിലും ഭൂമി ലഭ്യമല്ലാത്തതാണ് വികസനത്തിന് തടസമാകുന്നത്. കൺസൽട്ടൻസി തയാറാക്കുന്ന മാസ്റ്റർ പ്ളാൻ ചർച്ചകൾക്കുശേഷം എത്രയും വേഗം നടപ്പാക്കിയാൽ കേരളത്തിന്റെ കടം തീരാൻ അധിക സമയം വേണ്ടിവരില്ല. ഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സമയബന്ധിതമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകേണ്ടതാണ്.