തെരുവുനായ് ശല്യം അതിരൂക്ഷം
കടയ്ക്കാവൂർ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ ഓവർബ്രിഡ്ജിന് സമീപം തെരുവുനായയെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പതിനൊന്നുകാരിയായ സഖിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.കൂടെയുണ്ടായിരുന്ന മാതാവ് പ്രസിന്ധ്യക്കും പിതാവ് ജോൺപോളിനും മാമ്പള്ളി സ്വദേശിനിയായ യാത്രക്കാരിക്കും ഗുരുതരപരിക്ക് പറ്റി. കായിക്കരയിൽ കടയിൽ കയറി വയോധികയെ നായ കടിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പ്രധാനമായും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരം, ഓവർബ്രിഡ്ജ്, ചാവടിമുക്ക്,ആയ്ക്കുടി മേഖല, ചെക്കാലവിളാകം മാർക്കറ്റിന് സമീപം, നിലയ്ക്കാമുക്ക് എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷം. കുട്ടികൾക്ക് സ്കൂളിൽ പോകാനോ വഴിയാത്രക്കാർക്ക് നടക്കാനോ പറ്റാത്ത സ്ഥിതിയാണ്. ദിനംപ്രതി ഓട്ടോ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടി പഞ്ചായത്ത് തലത്തിൽ വന്ധ്യകരണം നടത്തുകയോ ഷെൽട്ടറുകളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പല നായ്ക്കൾക്കും പേവിഷ ബാധയുണ്ടോയെന്ന് സംശയമാണ്. എന്നാൽ പേവിഷബാധയ്ക്ക് പ്രാഥമിക ചികിത്സമാത്രമാണ് അടുത്ത ആശുപത്രികളിൽ ലഭ്യമാകുന്നത്.
അധികൃതർ മൗനം പാലിക്കുന്നു
സായാഹ്ന സവാരിക്കിറങ്ങുന്ന വയോധികരും സ്കൂൾ വിദ്യാർത്ഥികളുമാണ് മിക്കപ്പോഴും തെരുവനായ ആക്രമണത്തിന് ഇരയാകുന്നത്.ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണിന്ന്. തെരുവുനായ്ക്കളെ കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതർ മനസിലാക്കുന്നില്ല.ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം.തെരുവുനായ്ക്കൾ മൂലം ഇനി ഒരു ജീവൻ പൊലിയും മുൻപ് അധികൃതർ ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ അപേക്ഷ.
തെരുവുനായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്
സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരാണേറെയും ആക്രമണത്തിന് ഇരകളാകുന്നത്
തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങൾ - കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷൻ പരിസരം, ഓവർബ്രിഡ്ജ്, ചാവടിമുക്ക്,ആയ്ക്കുടി മേഖല, ചെക്കാലവിളാകം മാർക്കറ്റിന് സമീപം, നിലയ്ക്കാമുക്ക്