ബംഗളൂരുവിൽ  നിന്ന് ലഹരികടത്ത്; നേപ്പാൾ സ്വദേശിയും യുവതിയും അറസ്റ്റിൽ

Sunday 28 September 2025 12:47 AM IST

കൊച്ചി: ബംഗളൂരുവിൽ നിന്ന് ആഡംബര ബസിൽ രാസലഹരിയുമായി എത്തിയ നേപ്പാൾ സ്വദേശിയായ യുവാവിനെയും അസാം സ്വദേശിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം മേൽപ്പാലത്തിന് സമീപം ബസിൽ നിന്ന് ഇറങ്ങുമ്പോൾ കൊച്ചി സിറ്റി ഡാൻസഫ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 41.56 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നേപ്പാൾ സാന്താപൂർ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസാം മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്സിന മഹബൂബ (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട വോൾവോ ടൂറിസ്റ്റ് ബസിൽ ദമ്പതികളെന്ന വ്യാജേനയാണ് ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടത്. രഹസ്യവിവരം ലഭിച്ച ഡാൻസഫ് സംഘം പാലാരിവട്ടം പാലത്തിന് സമീപം യാത്രക്കാരെ ഇറക്കാൻ ബസ് നിറുത്തിയപ്പോൾ പ്രതികളെ പിടികൂടുകയായിരുന്നു.

ഇരുവരും ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മലയാളിയുടെ കാരിയർമാരാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയിലെ ഹോട്ടലിലെ ജീവനക്കാരനായ പൊക്കാറെൽ ടിക്കാറാം ഏഴ് കൊല്ലമായി കേരളത്തിലാണ് താമസം. മുഹ്സിന മഹബൂബയ്ക്ക് അനാശാസ്യ സംഘങ്ങളുമായി ബന്ധമുള്ളതായും പൊലീസ് അറിയിച്ചു. യുവതി ബംഗ്ലൂരുവിലെ മയക്കുമരുന്ന് കടത്തുകാരന്റെ സംഘത്തിൽപ്പെട്ടയാളാണെന്നും സംശയമുണ്ട്. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.