വെഞ്ഞാറമൂട് ഫയർ സ്റ്റേഷന് 65 ലക്ഷം രൂപ കൂടി അനുവദിച്ചു, നിർമ്മാണം ഉടൻ
വെഞ്ഞാറമൂട്: കീഴായിക്കോണം എം.സി റോഡിനരികിൽ നിർമ്മാണം പുരോഗമിക്കുന്ന ഫയർ സ്റ്റേഷന്റെ ബാക്കിയുള്ള നിർമ്മാണങ്ങൾക്കായി 65 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ അനുവദിച്ച 2.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും എന്നാൽ ചുറ്റുമതിൽ, ഇന്റർലോക്ക് ഉൾപ്പെടെയുള്ള ചില പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലുമാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമർപ്പിച്ചിരുന്ന ബാലൻസ് എസ്റ്റിമേറ്റിന് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ടെൻഡർ ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.
പ്രവർത്തനം ആരംഭിച്ചില്ല
കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാതെ വെഞ്ഞാറമൂട് ഫയർഫോഴ്സ് നിലയം എന്ന പേരിൽ കേരള കൗമുദി രണ്ട് മാസം മുൻപ് വാർത്ത നൽകിയിരുന്നു. നിലയത്തിന്റെ പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചിട്ട് 2 വർഷം പിന്നിടുന്നു. നിർമ്മാണം പൂർത്തിയായെങ്കിലും ഇനിയും തുറന്നു പ്രവർത്തിപ്പിക്കാറായില്ല. സ്ഥലസൗകര്യം ഇല്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്സ് ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിനു വേണ്ടിയാണ് എറിപാറയിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്.ഇതിനായി സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചു. തുടർന്ന് ഊരാളുങ്കൽ കമ്പനി കരാറേറ്റെടുത്ത് കെട്ടിട നിർമ്മാണം പൂർത്തിയാക്കി.
ചുറ്റും കാടും ഇഴജന്തുക്കളും
നിർമ്മാണം പൂർത്തിയായിട്ട് 6 മാസം കഴിയുന്നു. കെട്ടിടത്തിന് ചുറ്റും കാടു നിറഞ്ഞ് ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. പുതിയ ഫയർഫോഴ്സ് സമുച്ചയത്തിന് ചുറ്റുമതിലും മുറ്റത്ത് ഇന്റർലോക്ക് വിരിക്കുന്നതിനുമായി പുതിയ എസ്റ്റിമേറ്റ് എടുക്കുകയും 78 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കുകയുമായിരുന്നു. നിലവിൽ ഓഫീസ് മുറിയടക്കമുള്ള എല്ലാ ജോലികളും പൂർത്തിയായി. പൈപ്പ് ലൈൻ, വയറിംഗ് എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.