പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി കേക്കുമുറി; റീൽസെടുത്തത് അധികൃതർ അറിഞ്ഞ്; കേസ് ഒതുക്കാൻ നീക്കം

Saturday 27 September 2025 10:04 PM IST

കണ്ണൂർ: ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ യുവതിയടക്കം അഞ്ചുപേർ അനധികൃതമായി കടന്നുകയറി കേക്ക് മുറിച്ച് പിറന്നാളാഘോഷത്തിന്റെ റീൽസ് ചിത്രീകരിച്ച കേസ് ഒതുക്കിതീർക്കാൻ ശ്രമം. വലിയ സുരക്ഷാവീഴ്ച സംഭവിച്ചിട്ടും ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അടുപ്പം പ്രതികൾക്ക് സഹായകരമാകുന്നുവെന്നാണ് വിവരം.

കഴിഞ്ഞ പതിനാറിനാണ് പൊലീസ് കാന്റീന് മുൻവശത്ത് വിവാദ കേക്കുമുറി നടന്നത്. സംഭവത്തിൽ ടൗൺ പൊലീസ് പെറ്റി കേസാണ് ചുമത്തിയിരിക്കുന്നത്ത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് അന്വേഷണം നടക്കുന്നതെന്ന് സേനയ്ക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്.

ആയുധപ്പുര അടക്കം സ്ഥിതി ചെയ്യുന്ന പൊലീസ് ആസ്ഥാനത്ത് അനധികൃതമായി കടന്നുകയറിയത് വൻ സുരക്ഷാവീഴ്ച്ചയാണ്.സായുധപൊലീസ് കാവലുള്ളതിന്റെ തൊട്ടടുത്ത നടന്ന ഈ സംഭവം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതുവരെ ഗൗരവമായി എടുത്തിരുന്നില്ല. പ്രതികൾക്ക് അടുത്ത ബന്ധമുള്ള കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥർ അറിഞ്ഞാണ് റീൽസ് ചിത്രീകരണമെന്നതാണ് ഗൗരവമായ നടപടിയിലേക്ക് കടക്കാതിരുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യുവതിക്കും നാല് യുവാക്കൾക്കുമെതിരെയാണ് അതിക്രമിച്ച് കടന്നതിന് നിലവിൽ കേസെടുത്തിട്ടുള്ളത്.