ടാങ്കർ ലോറി നടുറോഡിൽ നിർത്തിയിട്ടു; ക്യാബിനിൽ കിടന്നുറങ്ങി ഡ്രൈവർ
കാസർകോട്: മദ്യലഹരിയിൽ ടാങ്കർലോറി ദേശീയപാതയുടെ മദ്ധ്യത്തിൽ നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കുമ്പള പൊലീസ്. തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള എസ്.ഐ വിജേഷും സംഘവും കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്. ഈയാൾക്കെതിരെ ഹൈവേയിൽ ഗതാഗത തടസം സൃഷ്ടിച്ചതിന് കേസെടുത്തു.
ദേശീയപാത നിർമ്മാണ കമ്പനി ഓഫീസ് പ്രവർത്തിക്കുന്ന കുമ്പള ദേവീനഗറിലാണ് സംഭവം. പൊലീസ് ടാങ്കർ ലോറി ദേശീയപാതയിൽ നിന്ന് ഒതുക്കി നിർത്തി ഗതാഗത തടസ്സം നീക്കി. വാഹനം പിടികൂടുമ്പോൾ ഡ്രൈവർ ബാലസുബ്രഹ്ണ്യൻ മദ്യലഹരിയിൽ ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു.
ലോറിയുടെ ഉടമസ്ഥനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.അശ്രദ്ധമായും അപകടകരമായ നിലയിലും ദേശീയപാതയിലൂടെ വരികയായിരുന്ന ടാങ്കർ ക്യാമറയിലൂടെ കണ്ട നാഷണൽ ഹൈവേ അതോറിറ്റി ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ലോറി ദേശീയപാതയുടെ മദ്ധ്യത്തിൽ നിർത്തിയിട്ട നിലയിലായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള ലോറി പൊലീസ് കസ്റ്റഡിയിലാണുള്ളത്.