പടയപ്പ വഴിയോര കടകൾ തകർത്തു
മൂന്നാർ: മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം.ഇന്നലെ രാത്രിയിലായിരുന്നു മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ രാജമല അഞ്ചാംമൈലിലായിരുന്നു പടയപ്പയുടെ ആക്രമണം ഉണ്ടായത്.റോഡിൽ ഇറങ്ങിയ കാട്ടാന വഴിയോര കടകൾ തകർത്തു. ഒരു ഓട്ടോറിക്ഷക്കും ആന കേടുപാടുകൾ വരുത്തി.മാടസ്വാമിയെന്നയാളുടെ ഓട്ടോറിക്ഷക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.പിന്നീട് ആർ ആർ റ്റി സംഘമെത്തി കാട്ടാനയെ ജനവാസമേഖലയിൽ നിന്നും തുരത്തി.ഇടക്കിടെ കാട്ടു കൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളിൽ ആശങ്കയായി മാറിയിട്ടുണ്ട്. മുമ്പ് മഴക്കാലങ്ങളിൽ കാര്യമായ രീതിയിൽ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി നാശം വരുത്തുമായിരുന്നില്ല.എന്നാൽ ആനയുടെ ഈ സ്വഭാവത്തിനിപ്പോൾ മാറ്റം വന്ന് കഴിഞ്ഞു.ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനയെ ആർ ആർ റ്റി സംഘമെത്തി തുരത്തുന്നുവെങ്കിലും കാട്ടുകൊമ്പൻ ഉൾവനത്തിലേക്ക് പിൻവാങ്ങാൻ തയ്യാറാകാത്തത് പ്രതിസന്ധിയാകുന്നുണ്ട്.