മഴ തോരവെ അമ്മത്തൊട്ടിലിൽ സമൻ എത്തി

Sunday 28 September 2025 2:41 AM IST

തിരുവനന്തപുരം: വെള്ളിയാഴ്ച പെയ്ത തിമിർത്ത മഴയുടെ ശക്തി അടങ്ങിയപ്പോൾ വൈകിട്ട് 6.45ഓടെ കാലിലെ കിലുക്കവുമായി മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതുഅതിഥിയായെത്തി. അമ്മത്തൊട്ടിലിന്റെ അലാറം കേട്ടയുടനെ സമിതി ചേമ്പറിൽ ഉണ്ടായിരുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപിയും അഡോപ്ഷൻ മാനേജർ സരിതയും സ്നേഹത്തൊട്ടിലിലെത്തി. തുടർന്ന് കുഞ്ഞിനെ തുടർസംരക്ഷണത്തിനായി കൈമാറി. സ്നേഹക്കൂടിലേക്ക് ചേക്കേറിയ കുരുന്നിന് 2.4കി.ഗ്രാം തൂക്കമുണ്ട്. സമത്വവും തുല്യതയും നല്ല മനസും കാത്തുസൂക്ഷിക്കുന്നതിന് സന്ദേശമെന്നോണം കുരുന്നിന് സമൻ എന്ന് പേരിട്ടതായി ജി.എൽ.അരുൺ ഗോപി അറിയിച്ചു. തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയതിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു. അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന 13-ാമത്തെ കുരുന്നാണിത്. സെപ്തംബർ മാസം അമ്മത്തൊട്ടിലിലെ മൂന്നാമത്തെ കുട്ടിയാണ്. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജി.എൽ.അരുൺ ഗോപി അറിയിച്ചു.