അഖിലിനെ കാത്ത് പഴയ രക്ഷകർ
തിരുവനന്തപുരം: മരണക്കയത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ പൊലീസുകാർ 7 വർഷത്തിനിപ്പുറം കാത്തിരിക്കുന്നു തങ്ങൾ രക്ഷപ്പെടുത്തിയ അഖിലെന്ന യുവാവിനെ ഒന്നുകാണാൻ. വിജിൻ ലാൽ എന്ന പൊലീസുകാരനും റിട്ട.സബ് ഇൻസ്പെക്ടർ ജോണുമാണ് രക്ഷപ്പെടുത്തിയ ആ യുവാവിനെ വീണ്ടും കാണാനാഗ്രഹിച്ച് സാമൂഹിക മാദ്ധ്യമത്തിൽ കുറിപ്പിട്ടത്. 2018ൽ പട്രോളിംഗിനിടെയെത്തിയ സന്ദേശത്തെ തുടർന്നാണ് പി.ടി.പി നഗറിനടുത്തുള്ള ആൾത്താമസമില്ലാത്ത വീടിന് മുന്നിൽ വിജിൻലാലും ജോണും എത്തിയത്.അവിടെക്കണ്ടത് വീടിന്റെ ടെറസിലായി അവശനിലയിൽ സ്കൂൾ യൂണിഫോം ധരിച്ച16കാരനെയാണ്. അടുത്തായി തുറന്നു വച്ച ഭക്ഷണപ്പൊതിയും ഒരു പേപ്പറിൽ ഫ്യൂരിഡാനും ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു. ഐ.ഡി കാർഡിൽ നിന്ന് പേരും ശാസ്തമംഗലം രാജ കേശവദാസ മെമ്മോറിയൽ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയെന്നും പി.ടി.പി നഗർ സ്വദേശിയാണെന്നുമറിയാനായി. സ്‌കൂൾ ഡയറിയിലെ നമ്പരിൽ നിന്ന് പിതാവിനെ വിവരമറിയിച്ചു. തലേന്ന് രാത്രി മക്കൾ അടിപിടി കൂടിയപ്പോൾ മൂത്തമകനെ മാത്രമേ അച്ഛൻ വഴക്ക് പറഞ്ഞുള്ളൂ എന്നതായിരുന്നു അഖിലിന്റെ പിണക്കത്തിന് കാരണം. വെളുത്ത് മെലിഞ്ഞ് സുന്ദരനായ അന്നത്തെ അഖിലിന് ഇപ്പോൾ 25-26 വയസുണ്ടാകും. നിലവിൽ ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സിലാണ് വിജിൻ.ഫോൺ:9847051154.