നഗരസഭയുടെ ഷീലോഡ്ജ് നിർമ്മാണം ഉടൻ

Sunday 28 September 2025 7:23 AM IST

ആലപ്പുഴ: നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി നഗരസഭ ആരംഭിക്കുന്ന ഷീലോഡ്ജിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. നിലവിലെ ഭരണ സമിതിയുടെ കാലത്ത് നിർമ്മാണം ആരംഭിക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനുള്ളിൽ പദ്ധതിക്ക് അംഗീകാരം വാങ്ങും. തുടർന്ന് ടെണ്ടർ നടപടികളിലേക്ക് പോകാനാണ് തീരുമാനം.

കൈചൂണ്ടിമുക്കിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കെട്ടിടമാണ് ഷീ ലോഡ്ജ് ആക്കി മാറ്രുക. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് നഗരസഭ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റിയതോടെയാണ് അടഞ്ഞുകിടക്കുന്ന കെട്ടിടം ഷീ ലോഡ്ജ് ആക്കി മാറ്രാൻ നഗരസഭ തീരുമാനിച്ചത്. പദ്ധതി കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. നഗരത്തിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് ഷീലോഡ്ജിൽ താമസിക്കാം. സുരക്ഷിതമായി കുറഞ്ഞ ചെലവിൽ ഇവിടെ അന്തിയുറങ്ങാം.

സ്വകാര്യ ഹോട്ടൽ, ലോഡ്ജ് എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മുറികളും ഡോർമെട്രി സംവിധാനവും ലഭിക്കും. ആലപ്പുഴയിലെത്തുന്ന വിദേശികളും സ്വദേശികളുമായ വനിത വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇത് സഹായിക്കും. പദ്ധതിയിലൂടെ സ്ത്രീകൾക്ക് തൊഴിലവസരവും ലഭിക്കും.

പദ്ധതി ചെലവ്:

25 ലക്ഷം രൂപ

വേഗത്തിലെത്താൻ സൗകര്യം

#കെട്ടിടത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഒരു ഡോർമെട്രി സംവിധാനവും ആറ് മുറികൾ വരെയാകും ഒരുക്കുക

#കൈചൂണ്ടി മുക്കിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും

#കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് വേഗത്തിലേത്താം

#റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സൗകര്യം, വിവിധ ഓഫീസുകളിലേക്ക് എത്തുന്നതിനുള്ള യാത്രാസൗകര്യം ഇവിടെയുണ്ട്

പദ്ധതിയുടെ പ്രവർത്തനങ്ങൾ ഒരുമാസത്തിനുള്ളിൽ ആരംഭിക്കുകയാണ് ലക്ഷ്യം. ഈ കൗൺസിൽ കാലത്തിന് മുമ്പ് ടെണ്ടർ നടപടികൾ പൂർത്തിയാകും

-പി.എസ്.എം. ഹുസൈൻ

വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ