അനുമതി 10000 പേർക്ക്, എത്തിയത് രണ്ടു ലക്ഷത്തോളം പേർ, ദുരന്തത്തിന് പിന്നാലെ ഒന്നുംമിണ്ടാതെ ചെന്നൈയ്ക്ക് മടങ്ങി വിജയ്
ചെന്നൈ: ടി.വി.കെ നേതാവ് നടൻ വിജയ് പങ്കെടുത്ത കരൂരിലെ റാലിക്ക് പൊലീസ് അനുമതി നൽകിയത് 10000 പേർക്ക്. എന്നാൽ രണ്ടു ലക്ഷത്തോളം പേർ റാലിക്കെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. കരൂർ വേലുച്ചാമിപുരത്ത് തിക്കിലും തിരക്കിലും സംഭവിച്ചത് വൻ സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ 38 പേരാണ് മരിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം ദുരന്തത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ടി.വി.കെ അദ്ധ്യക്ഷൻ ട്രിച്ചി വഴി ചെന്നൈയ്ക്ക് മടങ്ങിയത്.
അതിനിടെ പൊലീസ് സുരക്ഷ ഉറപ്പാക്കിയത് വിജയ്യ്ക്ക് മാത്രമാണെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, രജനികാന്ത്, കമലഹാസൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.