തെരുവുവിളക്ക് പ്രതിസന്ധിക്ക് പരിഹാരമില്ല പലവട്ടം പറഞ്ഞിട്ടും രക്ഷയില്ല

Monday 29 September 2025 1:00 PM IST

തിരുവനന്തപുരം: എം.എൽ.എ തന്നെ പലവട്ടം ജില്ലാ വികസന യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടും നഗരത്തിലെ തെരുവുവിളക്ക് പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. നഗരത്തിലെ തെരുവുവിളക്ക് തെളിക്കാൻ നടപടി ഉണ്ടാകണമെന്ന് ഇന്നലെ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലും വി.കെ. പ്രശാന്ത് എം.എൽ.എ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പുള്ള യോഗങ്ങളിലും എം.എൽ.എ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം നഗരസഭ തലത്തിലും കെ.എസ്.ഇ.ബി തലത്തിലെ ഉദ്യോഗസ്ഥർ പരിഹരിക്കാമെന്ന് ഉറപ്പുനൽകി പോകുമെങ്കിലും അത് പാലിക്കാറില്ല. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എം ടി.കെ. വിനീതിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

 ഭൂമി ഉപയോഗപ്രദമാക്കണം

പേരൂർക്കട ജം​ഗ്ഷനിലെ വാട്ടർ അതോറിട്ടിയുടെ ഭൂമി ഉപയോഗപ്രദമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരസഭയിലെ വെൻഡിം​ഗ് സോൺ പ്രഖ്യാപിക്കുന്നത് വേഗത്തിലാക്കണമെന്നും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടിയൂർക്കാവ് റവന്യൂ ടവർ,മുട്ടട സബ് രജിസ്ട്രാർ ഓഫീസ്,മേലേക്കടവ് ടൂറിസം പദ്ധതി,പട്ടം ഫ്ലൈ ഓവർ,മണ്ഡലത്തിലെ പട്ടയ വിതരണം,പേരൂർക്കട മേൽപ്പാലം,പേരൂർക്കട ആശുപത്രി വികസനം,വട്ടിയൂർക്കാവ് ജം​ഗ്ഷൻ വികസനം തുടങ്ങിയ പ്രവർത്തനങ്ങളുടെ പുരോ​ഗതിയും യോ​ഗത്തിൽ വിലയിരുത്തി.