53 ദിവസം, 20 സംസ്ഥാനം, 8500 കിലോമീറ്റർ... പവനയുടെ റിയൽ ട്രാവൽ സ്റ്റോറി
തൃശൂർ: 53 ദിവസം, 20 സംസ്ഥാനം, 8500 കിലോമീറ്റർ... ഇത് പവന എന്ന 25 വയസുകാരിയുടെ ആത്മ ധൈര്യത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും റിയൽ ട്രാവൽ സ്റ്റോറി. കിലോമീറ്ററുകളോളം എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റിൽ കറങ്ങി തിരിച്ചെത്തിയ പവന പറയുന്നു ''ഇനി രാജ്യത്തിന്റെ അതിർത്തി കടക്കണം, ഭൂട്ടാനും നേപ്പാളുമെല്ലാം കാണണം. പിന്നെ ഹിമാലയവും...'' അളഗപ്പനഗർ പൂക്കോട് കീനൂർ വൈദ്യക്കാരൻ വീട്ടിൽ നിന്ന് ജൂലായ് 31ന് രാവിലെ ഏഴിന് ഇറങ്ങിയതാണ് പവന. രാജ്യം ചുറ്റാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും എതിർത്തില്ല. അവർക്കറിയാം, ചെറുപ്പത്തിലേയുള്ള ആഗ്രഹമാണെന്ന്. 53 ദിവസം കഴിഞ്ഞ് സെപ്തംബർ 21ന് വീട്ടിലെത്തിയപ്പോൾ ഇത്രയും ദൂരം സഞ്ചരിച്ചോയെന്ന് കൂട്ടുകാർക്കും നാട്ടുകാർക്കും സംശയം. ജി.പി.എസ് കാണിക്കേണ്ടിവന്നു പവനയ്ക്ക് തെളിവായി. ജമ്മു കശ്മീർ, ലഡാക്, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങൾ പ്രകൃതിക്ഷോഭം മൂലം ഒഴിവാക്കിയതിന്റെ വിഷമം മാത്രമാണ് പവനയ്ക്കുള്ളത്.
കരുത്തായി കരാട്ടെ
കരാട്ടെയാണ് ഒറ്റയ്ക്കുള്ള യാത്രയുടെ മനക്കരുത്ത്. പതിനാല് വയസ് മുതൽ കരാട്ടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. തേഡ് ഡാൻ ബ്ലാക്ക് ബെൽറ്റുണ്ട്. ഇരുപതാം വയസിൽ വരാക്കരയിൽ ഇവോക്ക് അക്കാഡമി ആരംഭിച്ചു. നാലാം ക്ലാസ് മുതൽ സൈക്കിളിലായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. നാലുവർഷം മുൻപ് എൻഫീൽഡിന്റെ ഹിമാലയൻ ബുള്ളറ്റ് വാങ്ങി. കേരളത്തിലും ദക്ഷിണേന്ത്യയിലും തനിച്ചും ടീമായും സഞ്ചരിച്ചു. കോയമ്പത്തൂരിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ടെക് പാസായ ശേഷം ജോലി ഉപേക്ഷിച്ച് കരാട്ടെ ജീവിതമാക്കി. ഡ്രൈവറായ സുനിലിന്റെയും, സുമയുടെയും രണ്ടാമത്തെ മകളാണ്. ജ്യേഷ്ഠ സഹോദരി വിവാഹിതയാണ്.
യാത്രാവഴികൾ
കർണ്ണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ബീഹാർ, ആന്ധ്ര.... രാവിലെ മുതൽ രാത്രി വരെ യാത്ര. താമസം ലോഡ്ജുകളിൽ. ഭക്ഷണം ഹോട്ടലുകളിൽ. ഗൂഗിൾ മാപ്പ് നോക്കി വിനോദസഞ്ചാരകേന്ദ്രങ്ങളും ഗ്രാമങ്ങളും കടന്നു. എന്നാൽ ബംഗാളിൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച് വന്യമൃഗങ്ങൾ നിറഞ്ഞ കൊടുങ്കാട്ടിലും ചെളി നിറഞ്ഞ ഓഫ് റോഡിലും എത്തിച്ചതായി പവന പറയുന്നു.
സ്ത്രീക്ക് തനിച്ച് സഞ്ചരിക്കാൻ മനക്കരുത്താണ് പ്രധാനം. ഒരു ദുരനുഭവങ്ങളും എനിക്കുണ്ടായില്ല. ചെറുപ്പത്തിലേ യാത്രകളോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നു. പവന.