നെടുമങ്ങാട്ട് ഒന്നരക്കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ പിടിയിലായത് മൊത്തക്കച്ചവടക്കാരനും ചില്ലറ വില്പനക്കാരും
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ ഡാൻസാഫ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒന്നരക്കിലോ കഞ്ചാവുമായി മൊത്തക്കച്ചവടക്കാരനും ചില്ലറ വില്പനക്കാരും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കരകുളം മുല്ലശ്ശേരി പതിയനാട് വീട്ടിൽ അഭിജിതിനെ (35) ഒന്നേകാൽ കിലോ കഞ്ചാവുമായി വീട്ടിൽ നിന്ന് പിടികൂടി.സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലൈറ്റ് ബോയിയായി പ്രവർത്തിക്കുന്ന ഇയാൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളിയായ ശരത് എറണാകുളത്തുനിന്നാണ് കഞ്ചാവെത്തിച്ച് കൊടുക്കുന്നത്. ശരത് പൊലീസ് നിരീക്ഷണത്തിലാണ്. അഭിജിത്തിന്റെ പക്കൽ നിന്ന് കഞ്ചാവ് സ്വയം ഉപയോഗത്തിനും ചെറുകിട വില്പനയ്ക്കുമായി വാങ്ങിയ പോത്തൻകോട് തുണ്ടത്തിൽ വിളയിൽ വീട്ടിൽ കെ.വിഷ്ണു,വേങ്കോട് അഞ്ജന ഭവനിൽ അഖിൽ ആനന്ദ്,വട്ടിയൂർക്കാവ് പി.കെ.പി റോഡിൽ തോപ്പുംമൂട് വീട്ടുനമ്പർ 65-ൽ എസ്.വൈശാഖ്,വട്ടിയൂർക്കാവ് മഞ്ചാടിമൂട് പഴവിള പുത്തൻവീട്ടിൽ പി.ആരോമൽ എന്നിവരും പൊലീസിന്റെ പിടിയിലായി.
അഭിജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ വിവരങ്ങൾ ലഭിച്ചത്.പലയിടങ്ങളിൽ നിന്നായി പിടിയിലായ ഇവരുടെ പക്കൽനിന്ന് കാൽ കിലോയോളം കഞ്ചാവ് പിടിച്ചിട്ടുണ്ട്. റൂറൽ ജില്ലാപൊലീസ് മേധാവി സുദർശൻ കെ.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡാൻസാഫ് എസ്.ഐ ഓസ്റ്റിൻ ഡി.ഡന്നിസൺ,എ.എസ്.ഐമാരായ സതികുമാർ,അനൂപ്,എസ്.സി.പി.ഓമാരായ ഉമേഷ് ബാബു,രാജേഷ്,അനീഷ് കുമാർ,സി.പി.ഒ അഖിൽകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.