ഡി.എം.കെയ്ക്ക് നൽകുന്ന വോട്ട് ബി.ജെ.പിക്കുള്ള വോട്ടായി മാറും: വിജയ്
നാമക്കൽ: ഡി.എം.കെയ്ക്ക് നൽകുന്ന വോട്ട് ബി.ജെ.പിക്കുള്ള വോട്ടായിരിക്കുമെന്ന് ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായുണ്ടാക്കിയ സഖ്യം അവസരവാദപരമാണെന്നും വിജയ് വിശേഷിപ്പിച്ചു. ഫാസിസ്റ്റ് ബി.ജെ.പി ഭരണകൂടവുമായി തമിഴക വെട്രി കഴകം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നാമക്കലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും 'അമ്മ"യുടെ പേര് ജപിക്കുന്നുണ്ടെങ്കിലും ജയലളിതയുടെ ആദർശങ്ങൾ അണ്ണാ ഡി.എം.കെ മറന്നു.
തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഈ സംവരണാവകാശം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച സുബ്ബരായന് മണിമണ്ഡപം നിസ്മാരകം നിർമ്മിക്കുമെന്ന വാഗ്ദാനം ഡി.എം.കെ സർക്കാർ പാലിച്ചില്ല. എല്ലാ യൂണിയനുകളിലും ധാന്യ സംഭരണശാലകൾ സ്ഥാപിക്കും.
തമിഴ്നാട് സർക്കാർ തന്നെ കൊപ്ര വാങ്ങും, വെളിച്ചെണ്ണ റേഷൻ കടകൾ വിൽക്കും, റേഷൻ കടകളിൽ പ്രകൃതിദത്ത പഞ്ചസാരയും ശർക്കരയും വിൽക്കാൻ നടപടികൾ സ്വീകരിക്കും... തുടങ്ങിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. വടിവേലു ഒരുസിനിമയിൽ ചെയ്തതുപോലെ ഡി.എം.കെ സർക്കാർ ജനങ്ങളോട് കാലിപ്പോക്കറ്റ് കാണിക്കുന്നു. വോട്ട് ചോദിക്കാനെത്തുമ്പോഴും നമ്മൾ കാലിപോക്കറ്റ് കാട്ടികൊടുക്കണം. ഡി.എം.കെ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ നടന്ന വൃക്ക മോഷണത്തെക്കുറിച്ച് ഞാൻ തിരുച്ചിയിൽ സംസാരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് നാമക്കലിൽ നിന്നുള്ളവരാണ്, പ്രത്യേകിച്ച് പവർലൂമുകളിൽ ജോലി ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളാണ്. ടി.വി.കെ. അധികാരത്തിൽ വന്നാൽ കുറ്രക്കാരെ ശിക്ഷിക്കും. പ്രായോഗികമായത് മാത്രമേ ഞങ്ങൾ പറയൂ. ഞങ്ങൾ അത് മാത്രമേ ചെയ്യൂ. ഡിഎംകെ പോലെ വ്യാജ വാഗ്ദാനങ്ങൾ ഞങ്ങൾ നൽകില്ല. ചൊവ്വയിൽ ഒരു ഐ.ടി കമ്പനി, വായുവിൽ ഒരു കൽവീട് നിർമ്മിക്കും. അമേരിക്കയിലേക്ക് സമാനമായ ഒരു പാത സ്ഥാപിക്കും. വീടിനുള്ളിൽ ഒരു വിമാനം പറത്തും എന്നൊക്കെയാണ് ഡി.എം.കെ പറയുന്നത് എന്നും വിജയ് കളിയാക്കി.