തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ നന്ദിയോട്-പെരിങ്ങമ്മല പഞ്ചായത്തുകളിലെ റോഡുകൾ
പാലോട്: തകർന്ന് തരിപ്പണമായി നന്ദിയോട്-പെരിങ്ങമ്മല പഞ്ചായത്തുകളിലെ റോഡുകൾ. ആലംപാറ തോട്ടുമുക്ക് റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾക്ക് തുടക്കമായതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമില്ല. 2024 സെപ്തംബർ 24നാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 25ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്. 1230 മീറ്റർ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി.എന്നാൽ റോഡിൽ മെറ്റൽ നിരത്തി കരാറുകാരൻ മുങ്ങി. മഴക്കാലമായതോടെ മെറ്റൽ ഇളകിമാറി. റിസ്ക് ആന്റ് കോസ്റ്റിൽ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയർ കരാറുകാരന് കത്ത് നൽകി. തുടർന്ന് മൂന്ന് മാസത്തെ സാവകാശം തേടിയെങ്കിലും ഒന്നുമുണ്ടായില്ല. നന്ദിയോട് പഞ്ചായത്തിലെ താന്നിമൂട്,ആലംപാറ,മീൻമുട്ടി,പാലുവള്ളി വാർഡുകളിലുള്ളവരുടെ പ്രധാന ആശ്രയമാണീ റോഡ്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആലംപാറ തോട്ടുമുക്ക് റോഡ്.പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം റോഡ് നവീകരിച്ചുവെങ്കിലും ജല അതോറിട്ടി കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ തുടങ്ങിയതോടെ റോഡുകൾ തകർന്നു. പൈപ്പിടൽ ജോലി കഴിഞ്ഞാൽ റോഡുകൾ പൂർവ്വസ്ഥിതിയിലാക്കണമെന്ന എഗ്രിമെന്റുണ്ടെങ്കിലും കരാറുകാർ പാലിക്കാറില്ല.
ആലുമ്മൂട്-പവ്വത്തൂർ-തോട്ടുംപുറം
റോഡ് തകർന്നു
നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്കുള്ള ആയിരക്കണക്കിനാളുകളുടെ ആശ്രയമായ ആലുമ്മൂട്- പവ്വത്തൂർ തോട്ടുംപുറം റോഡ് തകർന്ന് തരിപ്പണമായി. നന്ദിയോട്,തൊളിക്കോട്,ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. അശാസ്ത്രീയമായ ടാറിംഗിനെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടുകളാണ് വലിയ കുഴികളായത്. തോട്ടുംപുറം മുതൽ കിടാരക്കുഴി വരെയുള്ള പ്രദേശമാണ് പൂർണ്ണമായും തകർന്നത്. മഴക്കാലം തുടങ്ങിയതോടെ റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടകരമാകും. പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജനയിലുൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്താണ് വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിച്ചത്. തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്. കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടപടിയില്ല
പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിക്കുന്ന്- മാന്തുരുത്തി ടി.കെ.എം എൽ.പി സ്കൂൾ റോഡ് തകർന്നിട്ടും റോഡിനായി മാറ്റിവച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ് പഞ്ചായത്ത്.
2024ൽ 8ലക്ഷവും, 2025ൽ 7ലക്ഷവും അനുവദിച്ചുവെങ്കിലും രണ്ട് ഫണ്ടും വകമാറ്റി ചെലവഴിച്ചു. കാൽനടയാത്രക്കുപോലും കഴിയാത്ത സാഹചര്യമാണിവിടെ. കരിമൺകോട്- പുള്ളിവട്ടം റോഡിന്റെ സ്ഥിതിയും ദയനീയമാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് തകർന്നിട്ടും നടപടിയുണ്ടായിട്ടില്ല.