തൊളിക്കോട് തുരുത്തി പുളിമൂട് റോഡ് തകർച്ചയിൽ

Sunday 28 September 2025 1:00 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പുളിമൂട് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. മൂന്ന് വർഷമായി റോഡ് ശോചനീയാവസ്ഥയിലാണ്. സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡാണിത്. റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴക്കാലമായതോടെ റോഡ് ചെളിയിൽ മുങ്ങിയിരിക്കുകയാണ്. റോഡ് നിറയെ മഴക്കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ അപകടങ്ങളും പതിവാണ്. ബൈക്കപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പി.ക്കും എം.എൽ.എക്കും ത്രിതല പഞ്ചായത്തിലും നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്.സമരങ്ങളും അരങ്ങേറി. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടികളുണ്ടായില്ല.കോൺഗ്രസ് തൊളിക്കോട് തുരുത്തി മേഖലാകമ്മിറ്റികളും രണ്ടുതവണ സമരം നടത്തിയിട്ടുണ്ട്.

സായാഹ്നധർണ

തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പുളിമൂട് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തുരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് സായാഹ്നധർണ നടത്തും.കോൺഗ്രസ് തൊളിക്കോട് മണ്ഡലംപ്രസിഡന്റ് തൊളിക്കോട് ഷംനാദ് ഉദ്ഘാടനം നടത്തുമെന്ന് അൽഅമീൻ തുരുത്തി അറിയിച്ചു.