ക്രിപ്റ്റോ തട്ടിപ്പ് രാജ് കുന്ദ്ര മദ്ധ്യസ്ഥനല്ല, ഗുണഭോക്താവന്ന് ഇ.ഡി
മുംബയ്: ക്രിപ്റ്റോ തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അദ്ദേഹം അവകാശപ്പെട്ടതുപോലെ മദ്ധ്യസ്ഥൻ മാത്രമല്ലെന്നും ഗുണഭോക്താവ് കൂടിയാണെന്നും ഇ.ഡി.
സൂത്രധാരനെന്ന് കരുതുന്ന അന്തരിച്ച അമിത് ഭരദ്വാജിൽനിന്ന് ലഭിച്ച 285ബിറ്റ്‌കോയിനുകൾ രാജ് കുന്ദ്രയുടെ കൈവശമുണ്ട്. 150.47 കോടി രൂപ വിലമതിക്കുന്നതാണിതെന്നും രാജ് കുന്ദ്രയ്‌ക്കെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബിറ്റ്‌കോയിൻ വാലറ്റ് വിലാസങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ രാജ് കുന്ദ്ര ബോധപൂർവം മറച്ചുവച്ചു. ബിറ്റ്‌കോയിനുകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുന്നതിൽ പരാജയപ്പെട്ടു. ബിറ്റ്‌കോയിനുകൾ കുന്ദ്രയുടെ കൈവശം തന്നെയാണുള്ളത്. അതിൽനിന്നുള്ള നേട്ടങ്ങൾ അനുഭവിക്കുകയാണ് അദ്ദേഹം. നിയമ നടപടികളെ തടസപ്പെടുത്താൻ രാജ് കുന്ദ്ര ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.