കനത്ത മഴ: മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Sunday 28 September 2025 1:20 AM IST

മുംബയ്: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വൻ നാശനഷ്ടം. പല ഗ്രാമങ്ങളിലും വെള്ളം കയറി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ നന്ദേഡിലെയും ലാത്തൂരിലെയും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുംബയ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രധാന നദികൾ കര കവിഞ്ഞൊഴുകുകയാണ്.

വൈദ്യുതി സംവിധാനങ്ങൾ വെള്ളത്തിനടിയിലായതിനാൽ വൈദ്യുതി വിതരണം തടസപ്പെട്ടു. നാന്ദേഡ് ജില്ലയിലെ 19 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നാണ് റിപ്പോർട്ട്.

വെള്ളം ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനു ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രായോഗികമാകൂവെന്ന് അധികൃതർ പറയുന്നു.

20 മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്കമുണ്ടായി. ഇത് കർഷകർക്ക് കടുത്ത വിളനാശവും ദുരിതവും സൃഷ്ടിച്ചു. പ്രളയബാധിത കർഷകർക്കായി മഹാരാഷ്ട്ര സർക്കാർ ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്നും ദീപാവലിക്ക് മുമ്പ് എല്ലാ കർഷകർക്കും ദുരിതാശ്വാസ ധനസഹായം എത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടസാദ്ധ്യത കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.