കോടതി ഭയപ്പെട്ടതു സംഭവിച്ചു
ചെന്നൈ: കരൂരിലെ റാലി വൻ ദുരന്തമായി മാറിയത് മദ്രാസ് ഹൈക്കോടതി ഉന്നയിച്ച ആശങ്കയ്ക്ക് പിന്നാലെ. റാലികളിൽ ഇത്രയേറെ ജനം അണിനിരക്കുന്നത് അപകടത്തിന് കാരണമാകില്ലേ എന്നുും ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകുമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ചോദിച്ചിരുന്നു. ഇത്തരം റാലികൾ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരമെന്നോണം മുൻകൂറായി പണം വാങ്ങാൻ സർക്കാരിന് കോടതി നിർദേശവും നൽകി.
വിജയ് പ്രസംഗ വേദിയിൽ എത്തുമ്പോഴേക്കും നിരവധി പേർ ബോധരഹിതരായി വീണിരുന്നുവെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. ഇത്രമേൽ ജനക്കൂട്ടം വരുന്നിടത്ത് ഒരുക്കേണ്ട മുൻകരുതലുകളും ഇല്ലായിരുന്നു. റാലിയുടെ ആദ്യ ദിനത്തിലും നിരവധി പേർ കുഴഞ്ഞു വീണിരുന്നു. രക്ഷാപ്രവർത്തനത്തിന് ആംബുലൻസ് സംവിധാനം ഉൾപ്പെടെ ഒരുക്കാൻ ടി.വി.കെ നേതൃത്വവും തയ്യാറായില്ല.
കരൂർ സംഭവം ഞെട്ടിച്ചു: എടപ്പാടി
സംഭവം ഞെട്ടിച്ചുവെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി. രക്ഷാപ്രവർത്തനത്തിന് എത്തണമെന്ന് അദ്ദേഹം അണ്ണാ ഡി.എം.കെ പ്രവർത്തരോട് അഭ്യർത്ഥിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.