പാകിസ്ഥാൻ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം: എസ്. ജയശങ്കർ
ന്യൂയോർക്ക്: പാകിസ്ഥാൻ ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ യു.എൻ ജനറൽ അസംബ്ലിയുടെ 80-ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു.എന്നിൽ ഭീകരവാദത്തെ മഹത്വവത്കരിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അദ്ദേഹം വിമർശിച്ചു. ഭീകരരും അവരെ സഹായിക്കുന്നവരും തമ്മിൽ വ്യത്യാസമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽരാജ്യം ഇന്ത്യക്കുണ്ട്. ലോകത്തുണ്ടായ പ്രധാന ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ആ രാജ്യമാണ്. ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാർ നിറഞ്ഞിരിക്കുന്നു. അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പഹൽഗാം ഭീകരാക്രമണം. തീവ്രവാദത്തിനെതിരെ പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തു. "-ജയശങ്കർ പറഞ്ഞു.
താരിഫ് ചാഞ്ചാട്ടവും അനിശ്ചിതമായ വിപണി പ്രവേശനവും അടക്കം അസ്ഥിരത സൃഷ്ടിക്കുന്ന വ്യാപാര നയങ്ങളുടെ ദോഷ ഫലത്തെക്കുറിച്ചും ജയശങ്കർ പരാമർശിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തീരുവകൾ ചുമത്തിയ യു.എസിനെ പേരെടുത്ത പറയാതെയായിരുന്നു പരാമർശം.
ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച അദ്ദേഹം, യു.എൻ രക്ഷാ സമിതി വിപുലീകരിക്കണമെന്നും പറഞ്ഞു.
ആരോഗ്യം, മാനുഷിക സഹായങ്ങൾ തുടങ്ങിയ വിവിധ ആഗോള വിഷയങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും നടപ്പാക്കിയ പദ്ധതികളും പ്രസംഗത്തിനിടെ വിശദീകരിച്ചു. യുക്രെയിൻ, ഗാസ സംഘർഷങ്ങളിൽ നേരിട്ട് ഉൾപ്പെടാത്തവർ പോലും അതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏതൊരു സംരംഭത്തെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.