കരൂരിലെ ദുരന്തം; ടിവികെ നേതാവിനെതിരെ കേസ്, നരഹത്യ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി
ചെന്നൈ: കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാവിനെതിരെ കേസെടുത്തു. ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. മതിയഴകനെ ഇന്നുതന്നെ അറസ്റ്റ് ചെയ്‌തേക്കും. അപകടത്തില്‍ പൊലീസ് വിശദമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നടപടി വേഗത്തിലാക്കാനാണ് നീക്കം.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്നുതന്നെ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഇന്നുരാത്രി തന്നെ മൃതദേഹങ്ങളെല്ലാം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കരൂരിലെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിക്കുകയും പരിക്കേറ്റവരെ കാണുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പൊലീസിന്റെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് ടിവികെ നേതാവും നടനുമായ വിജയ് പ്രചാരണ റാലി നടത്തുന്നതെന്ന് മുൻപും ആക്ഷേപം ഉയർന്നിരുന്നു. ഇന്നലെ കരൂരിൽ നടന്ന റാലിയിലും പൊലീസ് അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിജയ്‌യെ പ്രതിയാക്കി പൊലീസ് കേസെടുക്കും. അറസ്റ്റിനും സാദ്ധ്യതയുണ്ട്.
ഇന്നലെ രാത്രി കരൂരിൽ വിജയ് സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വൻ ജനസഞ്ചയം തടസമായി. അപ്പോഴും വിജയ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിനു മുകളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ വിമർശിച്ചായിരുന്നു വിജയ് അപ്പോൾ സംസാരിച്ചിരുന്നത്. ഇപ്പോഴത്തെ ഭരണം ആറു മാസം കഴിയുമ്പോൾ മാറുമെന്നും പുതിയ പാർട്ടി അധികാരത്തിൽ വരുമെന്ന് പൊലീസ് ഓർക്കണമെന്നും വിജയ് പറഞ്ഞു. അപ്പോഴേക്കും ആമിക എന്ന പെൺകുട്ടിയെ കാണാനില്ലെന്ന് ഒരു നേതാവ് വേദിയിലെത്തി വിജയ്‌യെ അറിയിച്ചു. അക്കാര്യം മൈക്കിലൂടെ അനൗൺസ് ചെയ്ത ശേഷം വിജയ് സംഭവസ്ഥലത്തുനിന്ന് പോകുകയായിരുന്നു.