'വിജയ് നഷ്ടപരിഹാരം നൽകും, സ്ത്രീകളും കുട്ടികളും വരരുതെന്ന് നേരത്തെ പറഞ്ഞിരുന്നു'; വിശദീകരണവുമായി ടിവികെ നേതാക്കൾ
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് നേതാക്കൾ. കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് ടിവികെ നേതാവും നടനുമായ വിജയ് ചെന്നൈയിലേക്ക് പോയതെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വിഘ്‌നേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പരിപാടിയിൽ യാതൊരു കാരണവശാലും സ്ത്രീകളും കുട്ടികളും വരരുതെന്ന് വിജയ് നേരത്തെ നിർദ്ദേശം നൽകിയതാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
'വിജയ് എന്ന സിനിമാ നടനെ കാണാൻ വേണ്ടിയാണ് കൂടുതല്‍ പേരും വന്നത്. 10,000 പേർക്ക് സൗകര്യമുള്ള പരിപാടിക്ക് ഒരുലക്ഷത്തോളം പേർ വന്നു. വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് പരിപാടിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. 300 -400 പൊലീസുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.അത് നടന്നിട്ടില്ല. വിജയ് വന്നാൽ ആശുപത്രിയിൽ തിരക്കുണ്ടാവും. അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകും'- നേതാക്കൾ അറിയിച്ചു.
അതേസമയം, പരിപാടിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എഡിജിപി ഡേവിഡ്‌സൺ ദേവാശിർവാദം അറിയിച്ചത്. സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചിരുന്നുവെന്നും റാലിയിൽ പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികൾ അറിയിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോടൊപ്പം പൊലീസും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.