വിജ‌യ്‌യുടെ റാലിയിലെ ദുരന്തം; കരൂ‌ർ സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ, മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് മന്ത്രി

Sunday 28 September 2025 10:49 AM IST

ചെന്നൈ: ടി.വി.കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി ദുരന്തബാധിതരെ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പൊട്ടിക്കരഞ്ഞു.

കരൂർ സർക്കാർ മെഡിക്കൽ കോളേജിലെ സന്ദർശനത്തിനിടെയാണ് മന്ത്രി വികാരാധീനനായത്. മുൻ മന്ത്രി വി സെന്തിൽ ബാലാജിയും ഒപ്പമുണ്ടായിരുന്നു. മന്ത്രി പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തമിഴകത്ത് രാഷ്ട്രീയ കോളിളക്കം ലക്ഷ്യമിട്ട് വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. കരൂരിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ഇവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റ 111 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 10 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. 32 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി. മരിച്ചവരുടെ കുടുംബംഗങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ദുരന്തത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡിജിപി അറിയിച്ചു. കരൂർ വെസ്റ്റ് ടിവികെ സെക്രട്ടറിയെ പ്രതിചേർത്തിട്ടുണ്ട്.