"അയാൾ പോയി എസിയിൽ സുഖമായി കിടന്നുറങ്ങുന്നു, പോയി പറഞ്ഞേക്ക്, ചെരുപ്പൂരി അടിക്കും; മാസ് കാട്ടി കൊലയ്ക്ക് കൊടുത്തു"
ചെന്നൈ: ടി വി കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചിട്ട് വിജയ് തിരിഞ്ഞുനോക്കാതെ ചെന്നൈയിലേക്ക് പോയിരുന്നു.
ഹൃദയം തകർന്നിരിക്കുകയാണെന്നും വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നും വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ ആശുപത്രിയിൽ പോയി പരിക്കേറ്റവരെ സന്ദർശിക്കാനോ വിജയ് തയ്യാറായില്ല. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡി എം കെ അടക്കമുള്ള പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. വിജയ്‌യെ കണ്ടാൽ ചെരുപ്പൂരി അടിക്കുമെന്നൊക്കെയാണ് നാട്ടുകാർ പറയുന്നത്.
'ഇത്രയും ജീവനുകൾ പോയി, അയാൾക്ക് എന്ത് ചെയ്യാൻ പറ്റും? അടുത്ത നാട്ടിൽ ഇനി എങ്ങനെ പോകും. അങ്ങനെ പോകരുത്. അങ്ങനെ പോയാൽ, അയാളോട് പോയി പറഞ്ഞേക്ക്, ചെരുപ്പൂരി ഞാൻ അടിക്കും. അയാൾ പോയി എസിയിൽ സുഖമായി കിടന്നുറങ്ങുന്നു. ഞങ്ങൾ തെരുവിൽ കിടക്കുന്നു.അയാൾ നോക്കുമോ ഞങ്ങളുടെ കുടുംബത്തെ?'- എന്നാണ് ഒരു സ്ത്രീ ചോദിക്കുന്നത്. 'രാഷ്ട്രീയം ചെയ്യുന്നതിന് തെറ്റില്ല, പക്ഷേ അതിനായി ആളുകളെ കൂട്ടി, മറ്റുള്ളവർക്ക് മാസ് കാട്ടി, ആളുകളെ കൊലയ്ക്ക് കൊടുത്തിട്ടല്ല രാഷ്ട്രീയത്തിലിറങ്ങേണ്ടത്.'- എന്നാണ് മറ്റൊരാൾ പറയുന്നത്.