'ആർത്തവരക്തവും പുരുഷബീജവും ഉപയോഗിച്ചാൽ വെളുക്കും, തുപ്പൽ പുരട്ടിയാൽ മുഖക്കുരു മാറുമെന്ന് തമന്ന പറഞ്ഞത് മണ്ടത്തരം'
സൗന്ദര്യസംരക്ഷണത്തിനായി വിവിധ തരത്തിലുളള ഉൽപ്പന്നങ്ങളും ചികിത്സകളും ഇപ്പോൾ വിപണിയിൽ സജീവമാണ്. പലവിധത്തിലുളള പൊടിക്കൈകൾ വീട്ടിൽ തന്നെ പരീക്ഷിക്കുന്നവരും ഉണ്ട്. ഒരു സമയത്ത് കൊറിയൻ ബ്യൂട്ടി ട്രെൻഡ് സജീവമായിരുന്നു. കൊറിയക്കാരുടേതുപോലുളള ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ പല സൗന്ദര്യപ്രേമികളും ശ്രമിച്ചിരുന്നു. ഇന്ന് യുവത്വം (ആന്റി ഏയ്‌ജിംഗ്) നിലനിർത്തുന്നതിന് വിലയേറിയ ഏത് ചികിത്സയ്ക്കും വിധേയമാകുന്നവരുണ്ട്.
ഇപ്പോഴിതാ പ്രമുഖ ഏസ്‌തെറ്റിക് ആന്റി ഏയ്‌ജിംഗ് ഫിസീഷനായ ഡോക്ടർ മറിയാ ഖുർഷിദ് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സൗന്ദര്യസംരക്ഷണത്തിനായി നമ്മൾ ചെയ്യുന്ന കാര്യങ്ങളും മണ്ടത്തരമാണെന്നാണ് അവർ പറയുന്നത്. നടി തമന്ന അടുത്തിടെ ഒരു അഭിമുഖത്തിൽ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് പറഞ്ഞ ഒരു കാര്യം തെറ്റാണെന്നും അവർ വാദിച്ചു.
'ഒച്ചിന്റെ മ്യൂക്കസ് ഗ്ലാസ് സ്‌കിൻ ലഭിക്കാൻ സഹായിക്കുമെന്ന് പറയുന്നത് ഒരുപരിധി വരെ ശരിയാണ്. പുരുഷന്റെ ബീജവും പാമ്പിന്റെ വിഷവും സൗന്ദര്യ വർദ്ധക വസ്തുക്കളോടൊപ്പം ചേർക്കുമെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. അവ യൗവനം നിലനിർത്താൻ സഹായിക്കുമെന്ന് പറയുന്നത് ശരിയല്ല. ആർത്തവ രക്തം മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇവയെല്ലാം സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണ്.
മുഖക്കുരു മാറാൻ തുപ്പൽ പുരട്ടിയാൽ മതിയെന്ന് നടി തമന്ന അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് മണ്ടത്തരമാണ്. തുപ്പലിൽ നിറയെ ബാക്ടീരിയകൾ ഉണ്ട്. ബാക്ടീരിയ കാരണമാണ് മുഖക്കുരു ഉണ്ടാകുന്നത്. ചിന്തിക്കുമ്പോൾ തന്നെ മനസിലാകുമല്ലോ. ഇത്രയും നാൾ ആളുകൾ കൊറിയൻ ബ്യൂട്ടിയുടെ പിറകിലായിരുന്നു. ഇനി ആന്റി ഏയ്ജിംഗിനു സഹയാകമാകുന്ന ഉൽപ്പന്നങ്ങളുടെയും ചികിത്സയുടെയും പിറകിലായിരിക്കും. വെളുക്കാൻ വേണ്ടി പലരും വൈറ്റമിൻ സി ഗുളികളും ക്രീമുകളും ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ആളുകൾക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് അറിയില്ല. ഇന്ത്യക്കാരുടെ ചർമ്മത്തിൽ വളരെ സൂക്ഷിച്ചുമാത്രമേ വൈറ്റമിൻ സി ഉപയോഗിക്കാനാവൂ'- മറിയാ ഖുർഷിദ് പറഞ്ഞു.