കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്ന് ടിവികെ; കേസെടുത്തതിന് പിന്നാലെ നേതാക്കൾ ഒളിവിൽപ്പോയി
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനുപിന്നാലെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ ഒളിവിൽ പോയി.
ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവർ ഒളിവിൽ പോയത്. വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. പത്ത് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 111 പേർ ചികിത്സയിലുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് പോയിരുന്നു. തിരിച്ച് കരൂരിലേക്ക് വരാൻ പൊലീസിനോട് നടൻ അനുമതി തേടിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ടിവികെ സംസ്ഥാന പര്യടനം നിർത്തിവച്ചിട്ടുണ്ട്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്‌തിട്ടുമുണ്ട്.
ടിവികെ ഓൺലൈനായി യോഗം ചേർന്നിരുന്നു. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി അപേക്ഷ നൽകിയേക്കും. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ടിവികെയുടെ ആരോപണം.