' തകർന്നപോലെ സ്റ്റേജിൽ നിൽക്കുകയാണ് ബച്ചൻ,​ ഷോ നടന്നില്ലെങ്കിൽ 180 രാജ്യങ്ങളോട് അദ്ദേഹം മറുപടി പറയണം'

Saturday 28 September 2019 5:18 PM IST

മലയാള എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് പ്രിയദർശൻ. തന്റേതായ ശെെലിയിൽ മലയാള സിനിമയ്ക്ക് ഒരു പുതിയ മുഖഛായ തന്നെ നൽകി. സൂപ്പർ താരം മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി,​ ബോയിങ് ബോയിങ്,​ വെള്ളാനകളുടെ നാട്,​താളവട്ടം,​ ​മിഥുനം,​ അഭിമന്യു, ​അദ്വൈതം,​കിലുക്കം,​ വന്ദനം,​ചിത്രം,​ഒപ്പം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു.

മലയാളത്തിൽ മാത്രമല്ല ഹിന്ദി-തമിഴ് സിനിമയിലും പ്രിയദർശൻ സംവിധാനത്തിൽ തിളങ്ങിയിരുന്നു. 1993 ൽ മുസ്കരാഹട് എന്ന ചിത്രത്തിലുടെയായിരുന്നു ബോളീവുഡിലേക്കുള്ള ചുവടുവയ്പ്പ്. കിലുക്കം എന്ന ഹിറ്റ് ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു മുസ്കരാഹട്. അതുപോലെ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനുമായി സംവിധായകൻ പ്രിയദർശനുള്ള അടുപ്പം ചെറുതല്ല. അമിതാഭ് ബച്ചനുമായൊത്തുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയദർശൻ. ഒരു പ്രമുഖ മാദ്ധ്യമത്തിനോടാണ് പ്രിയദർശൻ ഇക്കാര്യം വ്യക്തമാക്കിയത്.

അന്ന് മിസ് വേൾ‌ഡ് മത്സരം ബാംഗ്ലൂരിൽ വച്ച് നടന്ന കാര്യം പ്രിയൻ ഓർത്തെടുത്തു. ബച്ചൻ പറഞ്ഞ കാര്യം ഇന്നും പ്രിയന്റെ ചെവിയിലുണ്ട്. 'പ്രിയൻ, മിസ് വേൾഡ് മത്സരം ബാംഗ്ലൂരൽ നടക്കുകയാണ് ഇത്തവണ. അത് താങ്കൾ ഡയറക്ട് ചെയ്യണം. 'ഞാൻ ശരിക്കും ഞെട്ടി. സാബു സിറിളിനെ വിളിച്ച് എന്റെ ആശങ്ക പങ്കുവെച്ചു.' മിസ് വേൾഡ് നടത്താൻ എന്തടിസ്ഥാനത്തിലാണ് എന്നെ വിളിച്ചതെന്ന് പിടികിട്ടുന്നില്ല. 'പ്രിയാ നമുക്ക് ഒന്നുപോയി അദ്ദേഹത്തെ കാണാം' സാബു ധൈര്യം പകർന്നു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തെ കാണാൻ പോയി. 'അമിത് ജീ, 180 രാജ്യങ്ങൾ തത്സമയം വീക്ഷിക്കുന്ന ഇവന്റാണ്, എന്നെക്കൊണ്ട് പറ്റുമോ എന്നൊരാശങ്കയുണ്ട്' ഞാൻ തുറന്നുപറഞ്ഞു. 'പ്രിയൻ, താങ്കൾക്ക് പറ്റും. നിങ്ങൾ രണ്ടുപേരെയും ഞാൻ പരിശീലനത്തിന് വിടാം' മറുത്തൊന്നും പറയാൻ എനിക്കായില്ല.

എന്തായിരുന്നു അദ്ദേഹത്തിന് എന്നിലുള്ള കോൺഫിഡൻസ് എന്ന് ഇപ്പോഴും എനിക്കറിയില്ല. അങ്ങനെ സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും ബിബിസിയും സംയുക്തമായി നടത്തുന്ന 20 ദിവസത്തെ പരിശീലനത്തിനായി ഞങ്ങളെ അയച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്നു പരിശീലനം. അന്ന് ഇന്ത്യയിൽ തത്സമയ സംപ്രേക്ഷണമില്ല. എന്താണ് തത്സമയ സംപ്രേക്ഷണമെന്നുമടക്കമുള്ള കാര്യങ്ങൾ അവിടെവച്ച് ഞങ്ങൾ പഠിച്ചു. തിരിച്ചെത്തിയ ഞാൻ ടി.കെ. രാജീവ് കുമാറിനെയും സഹായത്തിനായി വിളിച്ചുവരുത്തി. കാരണം രാജീവിന്റെ അത്ര സ്റ്റേജ് എക്സ്പീരിയൻസ് എനിക്കില്ല.

ഒരുക്കങ്ങൾ ബാംഗ്ലൂരിൽ തുടങ്ങി. പല പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് അമിതാഭ് ജീ എന്നെ വിളിക്കും. 'പ്രിയൻ നമ്മുടെ അഭിമാനപ്രശ്‌നമാണ് ഈ പരിപാടി. അത് വിജയിപ്പിക്കണം.' എന്ന് അദ്ദേഹം പറയും. 35 ദിവസമായിരുന്നു റിഹേഴ്സൽ. ഷോ നടക്കുന്ന ദിവസമെത്തി. 'നിങ്ങളെ വിശ്വസിച്ചാണ് ഞാന്‍ ഈ ഷോ ചെയ്യുന്നത്, മോശമായെന്ന് ആരും പറയരുത്' അദ്ദേഹം പറഞ്ഞു. എല്ലാം ഭംഗിയാകുമെന്ന് ഞാനും ഉറപ്പ് നൽകി. ഷോ തുടങ്ങാൻ നിൽക്കെ പെട്ടെന്ന് മഴ പെയ്തു. കനത്തമഴ. ആളുകളെല്ലാം കസേരയും മറ്റും തലയില്‍ പൊത്തി ഓടുകയാണ്. എല്ലാം അലങ്കോലമായി. ഞാന്‍ ഏറെ ആരാധിക്കുന്ന അമിതാഭ് ബച്ചൻ എല്ലാം തകർന്നപോലെ സ്റ്റേജില്‍ നിൽക്കുകയാണ്. ഷോ നടന്നില്ലെങ്കിൽ 180 രാജ്യങ്ങളോട് അദ്ദേഹം മറുപടി പറയണം.

ഒരുഭാഗത്ത് ഷോയ്ക്ക് തയ്യാറായി നിൽക്കുന്ന ഡാൻസേഴ്സ് അടക്കമുള്ളവർ കരയുകയാണ്. എല്ലാവരുടെയും കണ്ണിലും കണ്ണീർ മാത്രം.. ഞാൻ അമിത് ജീയുടെ മുഖത്തേക്ക് നോക്കി. സങ്കടമാണോ ദേഷ്യമാണോ എന്നൊന്നും തിരച്ചറിയാനാവാത്തൊരു ഭാവം. എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ, എനിക്ക് മനസ്സിലായില്ല. പെട്ടെന്ന് മഴ നിന്നു. അമിതാഭ്ബച്ചൻ ഉടൻ സ്റ്റേജിന്റെ താഴേക്ക് ചാടിയിറങ്ങി. അലങ്കോലമായി കിടക്കുന്ന കസേരകൾ ഓരോന്നായി പെറുക്കി വേദിയുടെ മുന്നിൽ നിരത്തി. ഇതുകണ്ട എല്ലാവരും ഓടിയെത്തി അദ്ദേഹത്തിനൊപ്പം കൂടി.

അവസാന കസേരവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരത്തിയ ശേഷം ഷോ തുടങ്ങി. വിജയകരമായി മുന്നോട്ട് പോയി. അവസാന നിമിഷം നെറ്റിപ്പട്ടം കെട്ടിയ 18 ആനകളുടെ എഴുന്നള്ളത്ത് കൂടിയായപ്പോൾ ആളുകൾ ഹർഷാരവം മുഴക്കി. ഷോ അവസാനിച്ചപ്പോൾ അമിതാഭ് ബച്ചൻ ഓടിവന്ന് എന്നെയും രാജീവിനെയും സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. ജീവിതത്തിൽ ഇന്നുവരെ അതിനുമുകളിൽ നിൽക്കുന്ന മറ്റൊരു അനുഭവം എനിക്ക് കിട്ടിയിട്ടില്ല".