'അറസ്റ്റ് വിജയ്' എന്ന് സ്റ്റോറി; മണിക്കൂറുകൾക്കുളളിൽ പിൻവലിച്ചു, നടി ഓവിയയ്ക്കെതിരെ ആരാധകർ

Sunday 28 September 2025 1:36 PM IST

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ ) സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ നടനും നേതാവുമായ വിജയ്ക്കെതിരെ നടി ഓവിയ. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. 'അറസ്റ്റ് വിജയ്' എന്നെഴുതിയാണ് നടി പ്രതികരണം അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്കുളളിൽ തന്നെ നടി സ്റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് സംഭവത്തിൽ തന്റെ പ്രതികരണമായി മറ്റൊരു കുറിപ്പും പങ്കുവച്ചു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന് എഴുതിയ കുറിപ്പാണ് നടി പങ്കുവച്ചത്. ഇതോടെ ഓവിയയ്ക്കെതിരെ വലിയ സൈബർ ആക്രമണമാണ് വിജയ്‌യുടെ ആരാധകർ നടത്തുന്നത്. മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഓവിയ പങ്കുവച്ചിട്ടുണ്ട്. ചീത്ത പറയാനാണ് വന്നത്. എന്നാൽ ചീത്ത വിളിക്കുന്ന കമന്റുകൾ കണ്ട് മനസിന് സമാധാനം തോന്നുന്നുവെന്നാണ് ഓവിയയ്ക്ക് ലഭിച്ച ഒരു കമന്റ്.

അതേസമയം, ദുരന്തത്തിൽ മരിച്ചവർക്ക് 20 ലക്ഷം രൂപയുടെ ധനസഹായമാണ് ടിവികെ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേതാക്കളുടെ അടിയന്തര യോഗം ഇന്ന് ഓൺലൈനായി ചേർന്നതിനുശേഷമാണ് നിർണായക തീരുമാനമെടുത്തത്. ദുരന്തത്തിൽ നിലവിൽ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരിൽ 28 പേരും കരൂർ സ്വദേശികളാണെന്നാണ് റിപ്പോർ‌ട്ട്. എന്നാൽ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും ടിവികെ നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്.