ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായി പോയ യുവാവും മരിച്ചു; കരൂർ ദുരന്തത്തിൽ മരണം 40 ആയി
ചെന്നെെ: ടിവികെ നേതാവും നടനുമായ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിന്റെ മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ ദുരന്തത്തിൽ പരിക്കേറ്റ കവിൻ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് വാങ്ങി വീട്ടിൽ പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽപം മുൻപാണ് കവിന്റെ മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഒമ്പത് കുട്ടികളുമുണ്ട്. 111 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനുപിന്നാലെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ ഒളിവിൽ പോയി. ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവർ ഒളിവിൽ പോയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ടിവികെ സംസ്ഥാന പര്യടനം നിർത്തിവച്ചിട്ടുണ്ട്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്‌തിട്ടുമുണ്ട്. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.