നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പോവുകയായിരുന്ന യുവതിയെ ബൈക്കിടിച്ചുവീഴ്‌ത്തി പീ‌ഡനശ്രമം; 25കാരൻ അറസ്റ്റിൽ

Sunday 28 September 2025 2:41 PM IST

പാലക്കാട്: സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്‌ത്തി ലൈംഗികപീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്‌ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രിയോടെ വടക്കഞ്ചേരിക്ക് സമീപമാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി നൈറ്റ് ഷിഫ്‌റ്റ് കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്‌ണു പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയെ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തെ പോക്‌സോ കേസിലും വിഷ്‌ണു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.