ഈ ഭാഗത്ത് പ്ളാസ്റ്റിക് കൊണ്ട് കെട്ടി വച്ചുനോക്കൂ; വാഴപ്പഴം ഏറെദിവസം കേടുകൂടാതെയിരിക്കും
Sunday 28 September 2025 4:44 PM IST
നാരുകൾ ധാരാളമായി അടങ്ങിയ പഴമാണ് വാഴപ്പഴം. ഒട്ടേറെ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. താരതമ്യേന മറ്റ് പഴങ്ങളിൽ നിന്ന് വില കുറവായതിനാലും മിക്ക വീടുകളിലും പതിവായി വാഴപ്പഴം വാങ്ങാറുണ്ട്. എന്നാൽ വാഴപ്പഴത്തിന്റെ ഒരു പ്രശ്നം എങ്ങനെ സൂക്ഷിച്ചാലും പെട്ടെന്ന് പഴുക്കും. ഇതോടെ തൊലി കറുക്കുകയും അഴുകി പോവുകയും ചെയ്യും. പഴം ഇത്തരത്തിൽ പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാൻ മികച്ച ചില പരിഹാരങ്ങളുണ്ട്.
- വാഴപ്പഴം ഒരുമിച്ച് സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകുന്നതിന് കാരണമാവും. പഴം വാങ്ങി വീട്ടിലെത്തിയാൽ ഉടൻ ഓരോന്നും വേർതിരിച്ച് മുകൾഭാഗം പ്ളാസ്റ്റിക് കൊണ്ട് കെട്ടി സൂക്ഷിക്കാം.
- ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കുന്നത് പഴം പെട്ടെന്ന് പഴുക്കുന്നതിന് കാരണമാകും. അതിനാൽ തണുപ്പുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കാം.
- ആപ്പിൾ, പിയർ എന്നിവയ്ക്കൊപ്പം പഴം സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകുന്നതിന് ഇടയാക്കും. മറ്റ് പഴങ്ങളോടൊപ്പം വയ്ക്കാതെ വായുസഞ്ചാരമുള്ള പാത്രത്തിൽ പ്രത്യേകമായി സൂക്ഷിക്കുന്നത് പെട്ടെന്ന് പഴുത്ത് അഴുകാതിരിക്കാൻ സഹായിക്കും.
- വാഴപ്പഴം ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിക്കുന്നതും പെട്ടെന്ന് കേടാകുന്നത് തടയും. ഇങ്ങനെ ചെയ്യുമ്പോൾ പഴത്തിന്റെ തൊലി കറുക്കുമെങ്കിലും പഴം കേടുകൂടാതെയിരിക്കും.
- പെട്ടെന്ന് കഴിക്കാനുള്ളതാണെങ്കിൽ മാത്രം പഴുത്ത വാഴപ്പഴം വാങ്ങാം. ഇല്ലെങ്കിൽ നേരിയ മഞ്ഞനിറം മാത്രമുള്ള അധികം പഴുക്കാത്തവ വാങ്ങി സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ പഴം കൂടുതൽ ദിവസം ഉപയോഗിക്കാം.
- ഷേക്ക്, സ്‌മൂത്തി, കേക്ക് എന്നിവയുണ്ടാക്കാനാണെങ്കിൽ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ദിവസങ്ങളോളം പഴം കേടുകൂടാതെയിരിക്കും.