നടപടിയുമായി സർക്കാർ,  പ്രതീക്ഷ നൽകി മന്ത്രി...., മീനച്ചിൽ റിവർവാലി പദ്ധതി വീണ്ടും ജീവൻ വയ്ക്കുന്നു

Monday 29 September 2025 12:35 AM IST

പാലാ : മൂലമറ്റം പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മിച്ചമുള്ള ജലം മീനച്ചിലാറിലേയ്ക്ക് എത്തിച്ച് വർഷം മുഴുവൻ ഒഴുക്ക് നിലനിറുത്തുന്ന മീനച്ചിൽ റിവർവാലി പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. ഇക്കഴിഞ്ഞ ദിവസം പാലായിൽ നടന്ന ഒരു പൊതുചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഒക്ടോബർ രണ്ടാം വാരം നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതി യാഥാർത്ഥ്യമായാൽ മീനച്ചിലാറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന കർഷകർക്കും കുടിവെള്ള പദ്ധതികൾക്കും ഏറെ പ്രയോജനകരമാകും. മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള കർഷകരുടെ ദീർഘകാലമായുള്ള ആവശ്യംകൂടിയായിരുന്നു ഇത്. വിവിധ ഘട്ട പരിശോധനകൾക്കും ഉന്നതതല പഠന സമിതി റിപ്പോർട്ടുകൾക്കും ശേഷം വിശദമായ രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ 'വാപ്‌കോസ് ' നെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനാവശ്യമായ പണവും ലഭ്യമാക്കി. 1970 ലാണ് പദ്ധതി ആശയം കൊണ്ടുവരുന്നത്. അടുക്കം പ്രദേശത്ത് മിനിഡാം നിർമ്മിച്ച് ജലം തടഞ്ഞ് നിറുത്തി മീനച്ചിലാറ്റിലേയ്ക്കു തുറന്നു വിടുന്നതായിരുന്നു ആദ്യ പദ്ധതി. ലെഫ്റ്റ് കനാലും റൈറ്റ് കനാലും രൂപീകരിച്ച് ജലമൊഴുക്കാനായിരുന്നു പദ്ധതി. ജനവാസ കേന്ദ്രങ്ങൾക്ക് നാശമുണ്ടാകുമെന്ന കാരണത്താൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് മീനച്ചിൽ റിവർവാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് ഡാം നിർമിച്ച് വെളളം മീനച്ചിലാറ്റിലെത്തിക്കാനായിരുന്നു പദ്ധതി എന്നാൽ ഇതും എതിർപ്പിൽ നടന്നില്ല.

വേനലിൽ ആശ്വാസമേകും സ്വന്തമായി ജലസേചന പദ്ധതികൾ ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം. ജനുവരി മുതൽ മേയ് വരെ ആറുകളടക്കം വറ്റി വരളുകയാണ്. പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇടുക്കി പദ്ധതി വിഭാവനം ചെയ്തപ്പോൾ ഒഴുക്കിവിടുന്ന വെള്ളം മീനച്ചിലിലേക്ക് കൂടി നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ നടപ്പായത് മൂവാറ്റുപുഴ പദ്ധതിയാണ്. ഇവിടെയാവട്ടെ അധികജലം വെള്ളൂർ വെട്ടിക്കാട്ടുമുക്ക് വഴി വേമ്പാനാട്ടുകായലിലേക്ക് ആർക്കും പ്രയോജനമില്ലാതെ ഒഴുക്കി കളയുകയുമാണ്. നിലവിലുള്ള മൂലമറ്റം പവർഹൗസിനോടൊപ്പം സമീപമേഖലയിൽ രണ്ടാമത് മറ്റൊരു പവർഹൗസ് കൂടി സ്ഥാപിക്കുന്നതും ആലോചനയിലാണ്. ഇതോടെ പുറന്തള്ളുന്ന ജലം ശേഖരിക്കാൻ നിലവിലെ മലങ്കര റിസർവോയറിനും ഡാമിനും കഴിയില്ല. അധികജലം മീനച്ചിലിലേയ്ക്ക് കൊടുക്കാനുമാകും.

ഗുണങ്ങൾ ഇവ

12 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും കുടിവെള്ളം

വേനൽക്കാലത്തും മീനച്ചിലാറ്റിൽ ജലലഭ്യത ഉറപ്പ് വരുത്താം

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രയോജനം, വർഷം മുഴുവൻ കൃഷി

 ''മീനച്ചിൽ മേഖലയ്ക്ക് ഫെബ്രുവരി മുതൽ ഏപ്രിലെ വേനൽ മഴ വരെ മാത്രമെ ഇടുക്കി വെള്ളത്തിന്റെ ആവശ്യം വരൂ. ചുരുക്കം ചിലവർഷങ്ങളിലേ വേനൽമഴ മേയ് വരെ നീണ്ടുപോയിട്ടുള്ളൂ. രാഷ്ട്രീയ പാർട്ടികളും, നേതാക്കളും എതിർപ്പുകൾ മാറ്റിവച്ച് ഒരേമനസോടെ പദ്ധതിയ്ക്കായി കൈകോർക്കണം.

-രാമകൃഷ്ണൻ, അരുണാപുരം