ഒക്ടോബർ 1ന് ചിത്രീകരണ മാമാങ്കം

Monday 29 September 2025 6:47 AM IST

മമ്മൂട്ടി - മോഹൻലാൽ- മഹേഷ് നാരായണൻ ചിത്രം ഹൈദരാബാദിൽ, കാട്ടാളൻ തായ്ലൻഡിൽ

മമ്മൂട്ടി - മോഹൻലാൽ- മഹേഷ് നാരായണൻ ചിത്രത്തിന്റെയും ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെയും ചിത്രീകരണം ഒക്ടോബർ ഒന്നിന് ആരംഭിക്കും. മഹേഷ് നാരായണൻ ചിത്രത്തിന്റെ തുടർ ചിത്രീകരണം ഹൈദരാബാദിലും ആന്റണി വർഗീസ് ചിത്രം തായ്‌ലൻഡിലും ചിത്രീകരണം ആരംഭിക്കും. ഒൻപത് ദിവസത്തെ ചിത്രീകരണം ആണ് തായ്‌ലൻഡിൽ. തുടർന്ന് വാഗമണ്ണിലേക്ക് ഷിഫ്ട് ചെയ്യും.

വാഗമണ്ണിൽ കാട്ടാളനുവേണ്ടി സെറ്റ് വർക്ക് ജോലികൾ നടക്കുന്നു. ഇടവേളയ്ക്കുശേഷം മമ്മൂട്ടി ക്യാമറയ്ക്കുമുൻപിലേക്ക് എത്തുകയാണ്. ഒക്ടോബർ 3ന് മമ്മൂട്ടി ജോയിൻ ചെയ്യും. മമ്മൂട്ടിക്ക് അറുപതുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതോടെ മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ എന്നിവരും ഹൈദരാബാദ് ഷെഡ്യൂളിലുണ്ട്. ലണ്ടനിലും ചിത്രീകരണമുണ്ട്. മാർക്കോ എന്ന ബ്ളോക് ബസ്റ്ററിനുശേഷം ക്യൂബ്സ് എന്റർടെയ്ൻിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് കാട്ടാളൻ നിർമ്മിക്കുന്നത്. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കാട്ടാളൻ. രജിഷ വിജയൻ നായികയായി എത്തുന്നു.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് ഉൾപ്പെടെ വൻ താരനിരയുണ്ട്.

രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്നു.