കോഴിക്കോട് വന്‍ മോഷണം; വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണവും പണവും കൊണ്ടുപോയി
കോഴിക്കോട്: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. കോഴിക്കോട് ചേവരമ്പലത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷ്ടാവ് കൊണ്ടുപോയത്. 45 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നിരിക്കുന്നത്.
മോഷണം നടന്ന വീട്ടിലെ താമസക്കാരിയായ ഗായത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതിനാല്‍ ഈ മാസം 11-ാം തീയതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചേവായൂര്‍ പൊലീസ് പരിധിയില്‍തന്നെ പറമ്പില്‍ബസാറില്‍ കഴിഞ്ഞദിവസം ഒരുവീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കവേയാണ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മറ്റൊരു മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.