കല്യാണ പാർട്ടിയിൽ ചിക്കൻ കാൽ അധികം ചോദിച്ചതിന് പിന്നാലെ കൂട്ടത്തല്ല്,​ 15കാരന് ദാരുണാന്ത്യം

Sunday 28 September 2025 8:59 PM IST

കനൗജ് : കല്യാണ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ 15കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. കല്യാണ വിരുന്നിൽ ഒരു ചിക്കൻ കാൽ അധികമായി ചോദിച്ച മുത്തച്ഛനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയാണ് 15കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.

വിവാഹ ചടങ്ങുകളുടെ ഭാഗമായ വിരുന്നിൽ 15കാരനൊപ്പമായിരുന്നു 65കാരനായ മുത്തച്ഛൻ ഇരുന്നത്. ചിക്കൻ കാൽ അധികമായി ചോദിച്ചതിന് പിന്നാലെ 65കാരനെ ഇതിന്റെ പേരിൽ വിരുന്ന് നടത്തിയവർ പരിഹസിക്കുകയും ആളുകളുടെ മുന്നിൽ വച്ച് അപമാനിക്കുരയും ചെയ്തു. ഇത് 15കാരൻ ചോദ്യം ചെയ്തു. തുടർന്ന് 15കാരനെ അക്രമിസംഘം കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും പുറത്തും കട്ട കൊണ്ടുള്ള ഇടിയേറ്റതാണ് മരണകാരണം. ഇടിയേറ്റ് വീണ 15കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. അക്രമത്തിൽ 15കാരന്റെ പിതാവിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സംഭവം മറ്റ് പ്രതിഷേധ പരിപാടിയിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും അധികൃതർ അറിയിച്ചു.