മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം: ഗൃഹനാഥൻ അറസ്റ്റിൽ

Monday 29 September 2025 3:26 AM IST

വെഞ്ഞാറമൂട്: മകളുടെ ആൺ സുഹൃത്തിനെ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. വെമ്പായം സിയോൺകുന്ന് പനച്ചവിള വീട്ടിൽ ജോണാണ് (48)അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി അഖിൽജിത്തിനെയാണ്(30) കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചക്ക് വെമ്പായത്തിന് സമീപം കൊപ്പത്ത് വച്ചായിരുന്നു സംഭവം. അഖിൽജിത്ത് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ കാറിൽ കയറുന്നതിനിടെ ലോറി കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഖിൽജിത്തിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാർ അഖിൽജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് ജോണിനെ ഞായറാഴ്ച സിയോൺകുന്നിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹജാരാക്കി. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

ഫോട്ടോ: അറസ്റ്റിലായ ജോൺ(48).