പ്രിസണേഴ്സ് വാർഡില്ലാതെ മെഡി. കോളേജ്, കുറ്റവാളികൾ ഇനിയും ചാടിയേക്കും
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രിസണേഴ്സ് വാർഡിനായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. മെഡിക്കൽ കോളേജ് പണി തീർത്തിട്ട് വർഷങ്ങളായെങ്കിലും പ്രിസണേഴ്സ് വാർഡില്ലാത്തത് പൊലീസുകാർക്കും തലവേദനയാണ്.
2019ലാണ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത്. വർഷങ്ങളായി കണ്ണൂർ സെൻട്രൽ ജയിലിലെ ഉൾപ്പെടെ രോഗികളെ ചികിത്സയ്ക്കെത്തിക്കുന്നതും ഇവിടെയാണ്. കൊടും കുറ്റവാളികൾ ഉൾപ്പടെ ഇതിൽ പെടും. എന്നാൽ ഇവരെയെല്ലാം പ്രത്യേകമായുള്ള സുരക്ഷ മാനദണ്ഡങ്ങളൊന്നുമില്ലാതെ, സാധാരണ ഗതിയിലുള്ള വാർഡ് സംവിധാനത്തിൽ കിടത്തിയാണ് ചികിത്സിക്കാറ്. പൊലീസുകാരുടെ കാവൽ മാത്രമാണുണ്ടാകുക. ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ചികിത്സയിലായിരുന്ന കുറ്റവാളി മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടതോടെയാണ് വീണ്ടും ആവശ്യം ശക്തമാകുന്നത്. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവാണ് ചികിത്സയിലിരിക്കെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം ഇയാളെ പിടികൂടാൻ കഴിഞ്ഞെങ്കിലും സംഭവം സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. പ്രത്യേക സംവിധാനമുള്ള പ്രിസണേഴ്സ് വാർഡില്ലാത്തതാണ് ഇയാൾ രക്ഷപ്പെടാനുള്ള കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇതുപോലെ ഇനിയും കുറ്റവാളികൾ രക്ഷപ്പെടുമോ എന്ന ആശങ്ക അധികൃതർക്കുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സംഭവങ്ങളെല്ലാം സുരക്ഷാവീഴ്ചയുടെ ഭാഗമായാണെന്നു തെളിഞ്ഞിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും ജയിലിനകത്തെ ലഹരി ഇടപാടുകളും സംസ്ഥാനത്ത് ഉടനീളം ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ ഉൾപ്പെടെ ജയിലിനകത്ത് നിയോഗിച്ചിരുന്നു.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിസണേഴ്സ് വാർഡിലായിരുന്നു കണ്ണൂരിലെ തടവുകാരെ കിടത്തി ചികിത്സിച്ചിരുന്നത്.
ഡി.ജി.പിയുടെ റിപ്പോർട്ടും
ജയിലിൽ അന്തേവാസികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ പ്രിസണേഴ്സ് വാർഡ് വേണമെന്ന ആവശ്യമറിയിച്ച് ജയിൽ ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ചികിത്സ ആവശ്യമുള്ള തടവുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തവർക്ക് ചികിത്സ ആവശ്യമുള്ളവരെയും ജനറൽ വാർഡിലാണ് ചികിത്സിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രിസണേഴ്സ് വാർഡ് എന്ന ആവശ്യത്തിൽ ജില്ല കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിൽ ഏഴാം നിലയിൽ 15 തടവുകാരെ ഒരുമിച്ച് കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കാമെന്ന ആലോചനയുണ്ടായി എന്നാണ് വിവരം. എന്നാൽ അത് ശാശ്വത പരിഹാരമല്ലായെന്നും കൂടുതൽ തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന സൗകര്യമുണ്ടാകണമെന്നുമാണ് ജയിൽ വകുപ്പിന്റെ ആവശ്യം.