പേരൂർക്കട മേൽപ്പാലം നിർമ്മാണം പൊളിക്കലിന് വേഗം കൂടുന്നു
തിരുവനന്തപുരം: പേരൂർക്കടയിലെ കാലങ്ങളായ ഗതാഗത കുരുക്കിന് പരിഹാരമായി മേൽപ്പാലം പണിയുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുന്നു. ഓണക്കാലത്ത് കച്ചവടക്കാരുടെ ആവശ്യപ്രകാരം പൊളിക്കൽ നിറുത്തിയിരുന്നു. എന്നാൽ കെട്ടിടങ്ങളുടെ പൊളിക്കൽ ഉടൻ പൂർത്തിയാക്കി സ്ഥലം റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള കൈമാറും. കോർപറേഷനാണ് പാലം നിർമ്മാണത്തിനുള്ള ടെൻഡർ ക്ഷണിക്കുന്നത്. ഗതാഗതം തടസപ്പെടാതിരിക്കാൻ സർവീസ് റോഡ് പൂർത്തിയായ ശേഷം പാലം നിർമ്മിക്കാനാണ് തീരുമാനം.
വസ്തു ഉടമകൾക്കും ജംഗ്ഷനിലെ കടകൾ നടത്തിയിരുന്നവർക്കും പുനരധിവസിക്കാനുമുള്ള തുക നൽകി. ഒരുകെട്ടിടവുമായി ബന്ധപ്പെട്ട കേസ് അടുത്തമാസം പരിഹരിക്കുന്നതോടെ നടപടികൾ തടസമില്ലാതെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തുക വകയിരുത്തി
കെട്ടിടം പൊളിക്കൽ 45ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഒരുമാസത്തോളമായി പൊളിക്കൽ ആരംഭിച്ചിട്ട്. പരമാവധി ഒന്നരവർഷത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പേരൂർക്കട കാൽവരി ലൂഥറൻ പള്ളിക്കു സമീപം മുതൽ വഴയില സെന്റ് ജൂഡ് റോമൻ കത്തോലിക്ക പള്ളി വരെയുള്ള 874 മീറ്റർ ദൂരത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. നാല് ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 51.34 കോടി വകയിരുത്തി. പാലം നിർമ്മാണത്തിന് 55.42 കോടിയും.
പൈപ്പ് ലൈൻ റോഡും മിനുങ്ങി
പേരൂർക്കട മേഖലയിൽ പ്രധാനപൈപ്പ് ലൈൻ റോഡ് പൂർണമായി ഇന്റർലോക്ക് ചെയ്ത് നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിലെ പേരൂർക്കട നർമ്മദ റോഡിന്റെ നവീകരണം പൂർത്തിയായി. അമ്പലമുക്ക് - പേരൂർക്കട ഭാഗത്തെ ജോലികൾ പുരോഗമിക്കുകയാണ്. സൈക്കിൾ ട്രാക്ക് ഉൾപ്പെടെ ഇവിടെയുണ്ട്. നഗരസൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കും. ട്രിഡയാണ് ഇത് നിർവഹിക്കുന്നത്.