അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

Monday 29 September 2025 1:13 AM IST

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകാൻ ഒരുങ്ങുമ്പോൾ ജില്ലയിൽ നടപടികൾ പുരോഗമിക്കുന്നു. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86 ശതമാനം കുടുംബങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കി. നിലവിൽ 24 തദ്ദേശസ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായിട്ടുണ്ട്. അവശേഷിക്കുന്നവയെ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബറിൽ സമ്പൂർണമായും അതിദരിദ്രരില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും. മൈക്രോ പ്ലാൻ പ്രകാരം ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 6250 കുടുംബങ്ങളിൽ 5929 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി. വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും വീട് ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങൾക്ക് അതും പുരോഗമിക്കുകയാണ്. വസ്തുവും വീടും ആവശ്യമുള്ളതായി കണ്ടെത്തിയ 284 കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിർമ്മാണം പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യസഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ലഭ്യമാക്കി. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ൽപ്പരം രേഖകൾ ഉറപ്പാക്കിയിട്ടുണ്ട്.