എൻ.എസ്.എസിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ നിലപാട്: എം. സംഗീത് കുമാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് പ്രത്യേക നിലപാട് സ്വീകരിച്ചത് സർക്കാർ തെറ്റുതിരുത്തി മുന്നോട്ടുവന്നതുകൊണ്ടാണെന്നും എൻ.എസ്.എസിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേനിലപാടാണുള്ളതെന്നും എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ. വഴുതയ്ക്കാട് ശ്രീവിഘ്‌നേശ്വര എൻ.എസ്.എസ് കരയോഗത്തിന്റെ സപ്തതി വർഷാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ആചാര സംരക്ഷണത്തിനായി ആദ്യം മുന്നോട്ടുവന്നത് എൻ.എസ്.എസാണെന്നും അതു സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി സംഘടന ഇതിനകം 90 ലക്ഷത്തിലേറെ രൂപ ചെലവാക്കിയിട്ടുണ്ടെന്നും സംഗീത് കുമാർ പറഞ്ഞു. കരയോഗ മന്ദിരത്തിനുമുന്നിൽ മന്നത്ത് പത്മനാഭന്റെയും ചട്ടമ്പിസ്വാമികളുടെയും പ്രതിമകൾ അദ്ദേഹം അനാവരണം ചെയ്തു.
കരയോഗം പ്രസിഡന്റ് എസ്.വേലായുധൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.കാർത്തികേയൻ നായർ, വി.ഹരികുമാർ, വിജു.വി.നായർ, കെ.പി.പരമേശ്വരനാഥ്, ആർ.മനോജ്, എസ്.ശ്രീലേഖ, എസ്.കെ.ഗണേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുടുബ സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ക്ഷേമ പെൻഷൻ വിതരണം, അവാർഡ് വിതരണം വനിതാസമാജ വാർഷികാഘോഷം എന്നിവയും നടന്നു.