ഇല്ലാത്ത തസ്തികയിലേക്ക് സ്ഥാനക്കയറ്റം, വിയോജിപ്പെഴുതിയ സെക്രട്ടറി തെറിച്ചു
ആലപ്പുഴ: ബഡ്സ് സ്കൂൾ ചട്ടത്തിലില്ലാത്ത അസി.ടീച്ചർ തസ്തികയിലേക്ക് ആയ കം കുക്കിന് സ്ഥാനക്കയറ്റം നൽകാനും ഡ്രൈവറെ ആയയാക്കാനുമുള്ള തീരുമാനത്തിൽ വിയോജനക്കുറിപ്പെഴുതിയ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി. നീലംപേരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന നവാസിനെയാണ് തകഴി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്. പട്ടണക്കാട് പഞ്ചായത്ത് സെക്രട്ടറിയെ നീലംപേരൂർ സെക്രട്ടറിയായി നിയമിച്ചു. മൂന്നുവർഷം പൂർത്തിയാക്കും മുമ്പ് സ്ഥലം മാറ്റിയതിനെതിരെ നവാസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. അതേസമയം, വിയോജനക്കുറിപ്പെഴുതിയ തീരുമാനം പുതിയ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി പുനപരിശോധിക്കും.എന്നാൽ, സെക്രട്ടറി സ്ഥലം മാറ്റം സ്വയം ചോദിച്ച് വാങ്ങി പോയതാണെന്നും ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് അസി.ടീച്ചർ തസ്തികയിൽ നിയമനത്തിന് പഞ്ചായത്ത് തയ്യാറായതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചന്റെ വിശദീകരണം.
കഴിഞ്ഞമാസം 22ന് ചേർന്ന പഞ്ചായത്ത് കമ്മിറ്രിയിലാണ് സെക്രട്ടറിയുടെ കസേരതെറിക്കാനിടയാക്കിയ വിഷയം അജണ്ടയായത്. ആയ കം കുക്കിനെ അസി. ടീച്ചറാക്കണമെന്നത് ഒന്നാമത്തെ അജണ്ടയും ആയ കം കുക്കിന്റെ പകരം നിയമനത്തിനുള്ള ഇന്റർവ്യൂ രണ്ടാം അജണ്ടയുമായാണ് കമ്മിറ്റി മുമ്പാകെ വന്നത്. പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ പാസാക്കിയ തീരുമാനത്തിലാണ് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറി നവാസ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഒരു ടീച്ചറും കുക്ക് കം ആയയും ഡ്രൈവറുമാണ് നിലവിൽ ബഡ്സ് സ്കൂളിലുള്ളത്. കരാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ നിയമപരമായി കഴിയാത്തതും സ്ത്രീകൾ ജോലി ചെയ്യേണ്ട കുക്ക് കം ആയ തസ്തികയിലേക്ക് ഡ്രൈവർക്ക് എങ്ങനെ നിയമനം നൽകുമെന്നതുമാണ് സെക്രട്ടറിയും പഞ്ചായത്ത് ഭരണ സമിതിയും തമ്മിലുള്ള കൊമ്പുകോർക്കലിന് കാരണമായത്.
ഇന്നത്തെ പഞ്ചായത്ത് കമ്മിറ്റി വിഷയം പരിശോധിച്ചശേഷം തീരുമാനം കൈക്കൊള്ളാനായി ഗവൺമെന്റിന് വിടാനാണ് ആലോചിക്കുന്നത്
-ടി.കെ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ്
ബഡ്സ് സ്കൂളിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. എന്നാൽ തൊഴിൽ രഹിതരായ നൂറ് കണക്കിനാളുകളുണ്ടായിട്ടും ഇഷ്ടക്കാരെ നിയമിക്കാനാണ് ശ്രമമെങ്കിൽ എതിർക്കും
-വിനയചന്ദ്രൻ, ബി.ജെ.പി പഞ്ചായത്തംഗം