വില്ലജ് ഓഫീസറെ വെട്ടിയ കേസ്: പൊലീസുകാരന്റെ ജാമ്യാപേക്ഷ മാറ്രി
Monday 29 September 2025 1:03 AM IST
നേമം: പെരിങ്ങമ്മലയിൽ അയൽവാസിയും കുടപ്പനക്കുന്ന് വില്ലേജ് ഓഫീസറുമായ ബിനോഷിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയായ കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുമേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു. ഒക്ടോബർ 3ലേക്കാണ് മാറ്റിയത്.
രണ്ടാം അഡിഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്ത് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ബിനോഷിന്റെ പരാതി. സിറ്റി പൊലീസ് കമ്മിഷണറുടെ മുന്നിൽ ഫയലെത്തിക്കാതെ പൊലീസുകാരനെ സംരക്ഷിക്കാനാണ് ശ്രമമെന്നും ബിനോഷ് ആരോപിച്ചു.