വാതിൽ തുറക്കാൻ പാർക്ക്, വഴിയൊരുങ്ങുന്നു അതിവേഗം
തൃശൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിന് ഒരു മാസം ശേഷിക്കെ, വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ വഴിയൊരുങ്ങുന്നു. പാർക്കിലേക്കുള്ള യാത്രകൾ സുഗമമാക്കാൻ റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലേക്ക് ആധുനികവത്കരിക്കും. നടത്തറ - പുത്തൂർ പാത 3.25 കോടി രൂപ ചെലവിൽ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തും. പ്രധാന ജില്ലാതല പാതയായ നടത്തറ മൈനർ റോഡ്, വീമ്പിൽ ഭഗവതി ഇരവിമംഗലം - പുത്തൂർ കാലടി റോഡാണ് നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ 'പുതിയ കാലം, പുതിയ നിർമ്മാണം' എന്ന നയത്തിൽ ഊന്നി 2025-26 ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പാതയുടെ 3.6 കിലോമീറ്റർ ദൂരം ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെയുളള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം വർദ്ധിക്കും. സുവോളജിക്കൽ പാർക്കിന്റെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകാനുമാകും.
- റോഡിന്റെ നിർമ്മാണച്ചെലവ്: 3.25 കോടി രൂപ
- വീതി: ചിപ്പിംഗ് കാർപ്പറ്റ് നിലവാരത്തിലുള്ള പാതയുടെ 1.25 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ
- ബി.എം.ബി.സി പ്രതലനിർമ്മാണം: 3.6 കി.മീ നീളത്തിൽ
പണികൾ:
- 225 മീറ്റർ ദൂരത്തിൽ കാനനിർമ്മാണം
- ഒരു കൾവർട്ട് പൊളിച്ചു പണിയൽ
- ഇരുവശങ്ങളിലും 3.5 കിലോമീറ്റർ ഐറിഷ് ഡ്രെയിൻ നിർമ്മാണം
- റോഡ് സുരക്ഷാ ക്രമീകരണങ്ങളായ പേവ്‌മെന്റ് മാർക്കിംഗുകൾ, റിഫ്‌ളെക്ടിവ് സ്റ്റഡുകൾ, ഡെലനേറ്റർ പോസ്റ്റുകൾ, ദിശാ സൂചികകൾ
പരമാവധി മൃഗങ്ങളെ എത്തിക്കാൻ ശ്രമം
തൃശൂർ മൃഗശാലയിൽ നിന്ന് പരമാവധി മൃഗങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പക്ഷികളും ഹിപ്പോപ്പൊട്ടാമസും മുതലയും അടക്കമുള്ള ജീവികളെ ഉടനെ എത്തിക്കും. മാനുകളും ബാക്കിയുണ്ട്. കർണാടകയിൽനിന്ന് 248 ജീവികളെയും എത്തിക്കും. തമിഴ്‌നാട്ടിൽനിന്ന് വെള്ളക്കടുവകളെ കൊണ്ടുവരുന്നതിനും അനുമതിയായി. വിദേശങ്ങളിൽനിന്ന് സീബ്ര, ജിറാഫ് തുടങ്ങിയ ജീവികളെ കൊണ്ടുവരാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഉദ്ഘാടനം കഴിഞ്ഞാൽ രണ്ടുമാസം ട്രയൽ റൺ ഘട്ടമാണ്.