തിരുവാഭരണം മോഷ്ടിച്ച് പണയപ്പെടുത്തിയ പൂജാരി അറസ്റ്റിൽ

Monday 29 September 2025 2:09 AM IST

ചാലക്കുടി: മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് പണയപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഴീക്കോട് തേനായി വീട്ടിൽ കെ.അശ്വന്തിനെയാണ് (34) കൊരട്ടി എസ്.എച്ച്.ഒ: അമൃതരംഗൻ അറസ്റ്റ് ചെയ്തത്. ക്ഷേത്രം ഭാരവാഹികളാണ് പൂജാരിയെ പൊലീസിൽ ഏൽപ്പിച്ചത്.

ഏകദേശം മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല ഇയാൾ മാസങ്ങൾക്ക് മുമ്പ് കൈവശപ്പെടുത്തി ചാലക്കുടിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നാണ് വിവരം. പല ഘട്ടങ്ങളിലും സംശയം തോന്നിയ ക്ഷേത്രസമിതി ഭാരവാഹികളെ തന്ത്രപൂർവം കബളിപ്പിച്ചായിരുന്നു മുന്നോട്ടുപോയത്. ഞായറാഴ്ച രാവിലെ ക്ഷേത്രം ഓഫീസിൽ ഇയാളെ തടഞ്ഞുവച്ച ഭാരവാഹികൾ പൊലീസിൽ വിവരം അറിയിച്ചു. പാലാരിവട്ടം ഉദയംപേരൂർ ക്ഷേത്രത്തിൽ മൂന്നുവർഷം മുമ്പ് മേൽശാന്തിയായിരിക്കെ തിരുവാഭരണം മോഷ്ടിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് അന്ന് ചാനലുകളിൽ വന്ന വാർത്തയും കേസിന്റെ വിവരങ്ങളും ശാന്തിയുടെ മുറിയിൽ നിന്നും ഭാരവാഹികൾ രഹസ്യമായി കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ മേൽശാന്തിയെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ ഭാരവാഹികൾ പൊലീസിൽ ഏൽപ്പിച്ചു. രണ്ടുവർഷം മുമ്പാണ് അശ്വിൻ മുരിങ്ങൂർ ക്ഷേത്രത്തിൽ ബാലശാന്തിയായത്. ക്ഷേത്രത്തിലെ ഭക്തരെ തന്ത്രപൂർവം സ്വാധീനിച്ച് ഭരണസമിതിക്കെതിരായി അണിനിരത്തിയാണ് പൂജാരി കളവ് നടത്തിയതെന്ന് പ്രസിഡന്റ് രാജീവ് ഉപ്പത്ത് പറഞ്ഞു.

സ്വർണമാല ഏത് ബാങ്കിലാണ് പണയപ്പെടുത്തിയതെന്ന് അടുത്ത ദിവസങ്ങളിലേ അറിയാനാകൂ. 2022ലാണ് ഇയാൾ ഉദയംപേരൂർ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ അവിടുത്തെ തിരുവാഭരണം മോഷ്ടിച്ചത്. പകരം ചെമ്പിൽ സ്വർണം മുക്കിയ ആഭരണങ്ങൾ വച്ച് ഭാരവാഹികളെ കബളിപ്പിച്ചു. വിദഗ്ദ്ധ പരിശോധനയിൽ ആഭരണം സ്വർണമല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിൽ പരാതി നൽകുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും. അശ്വന്തിന്റെ പേരിൽ മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.