കിരീടം തിരിച്ചുപിടിക്കാൻ കണ്ണൂർ വാരിയേഴ്സ്
കണ്ണൂർ: ആദ്യ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ വെടിക്കോപ്പുകളുമായി കണ്ണൂർ വാരിയേഴ്സ് ഫുട്‌ബാൾ ക്ലബ്. ശക്തമായ മഴയിലും ആവേശത്താൽ ഇളകി മറിഞ്ഞ പയ്യാമ്പലം ബീച്ചിനെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ഒഫീഷ്യൽ ടീം പ്രഖ്യാപനവും ജേഴ്സി അവതരണവും നടന്നു. പയ്യാമ്പലം ബീച്ചിലെത്തിയ ആയിരക്കണക്കിന് ആരാധകരെ സാന്നിദ്ധ്യത്തിൽ പ്രശസ്ത ഫുട്‌ബാൾ കമന്റേറ്റർ ഷൈജു ദാമോദരൻ ടീം അംഗങ്ങളെ അവതരിപ്പിച്ചു. പ്രശസ്ത സിനിമ താരവും ക്ലബിന്റെ സെലിബ്രിറ്റി പാർട്ട്ണറുമായ ആസിഫ് അലിയും ക്ലബ് ഭാരവാഹികളും ചേർന്ന് ജേഴ്സി പ്രകാശനം നിർവഹിച്ചു. കണ്ണൂർക്കാരൻ ഗോൾ കീപ്പർ സി.കെ. ഉബൈദ്, സ്പാനിഷ് സ്‌ട്രൈക്കർ അഡ്രിയാൻ സർഡിനേറോ, കാമറൂൺ താരം എണസ്റ്റീന് ലാവ്സാംബ എന്നിവരെ പുതിയ സീസണിലെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ക്ലബ് ചെയർമാൻ ഡോ. അസ്സൻ കുഞ്ഞി, ഡയറക്ടർമാരായ കെ.എം. വർഗീസ്, മിബു ജോസ് നെറ്റിക്കാടൻ, സി.എ. മുഹമ്മദ് സാലിഹ്, കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, കണ്ണൂർ ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നിസാർ, സ്‌പോർട്ടിംഗ് ഡയറക്ടർ ജുവൽ ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും
സൗജന്യമായി കളികാണാം
സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന കണ്ണൂർ മുൻസിപ്പിൾ ജവഹർ സ്റ്റേഡിയത്തിൽ വനിതകൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗ്യാലറിയിൽ സൗജന്യമായി കളികാണാം. പയ്യാമ്പലം ബീച്ചിൽ വെച്ച നടന്ന ടീം പ്രഖ്യാപനവും ജേഴ്സി അവതരിപ്പിക്കുന്ന ചടങ്ങിൽ ക്ലബ് ചെയർമാൻ ഡോ. ഹസ്സൻ കുഞ്ഞിയാണ് പ്രഖ്യാപിച്ചത്. ലീഗ് മത്സരങ്ങൾക്കായിരിക്കും സൗജന്യം. ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് മത്സരങ്ങളായിരിക്കും നടക്കുക.