കുടിവെള്ള പൈപ്പിട്ടു, വെള്ളം വന്നില്ല, ബില്ലെത്തി
പാലോട്: ജലജീവൻ മിഷനിലുൾപ്പെടുത്തി ആലുങ്കുഴി, വെമ്പ് മേഖലകളിൽ ഗാർഹിക പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടും നാളിതുവരെ വെള്ളം ലഭിച്ചിട്ടില്ല. എന്നാൽ പൈപ്പ് ലൈനെടുത്ത ഏകദേശം വീടുകളിലും ബില്ല് ലഭിച്ചു.
ആലുങ്കുഴിയിൽ നന്ദിയോട് ആനാട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 5.25ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമ്മിച്ച് വെള്ളം ശേഖരിച്ചാൽ മാത്രമേ ഇവിടങ്ങളിൽ ജലവിതരണം ആരംഭിക്കാൻ കഴിയൂ എന്ന വിവരം ജല അതോറിട്ടി ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും ഉപഭോക്താക്കൾക്ക് ബില്ല് വന്നതിന്റെ കാരണം അന്വേഷിക്കാൻ പോലും തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആലുങ്കുഴിയിലെ വാട്ടർ ടാങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് മാറ്റുന്ന നടപടികളും പൂർത്തിയായിട്ടില്ല.
ടാങ്ക് നിർമ്മാണം പൂർത്തിയായാലെ കുടിവെള്ള വിതരണം നടക്കുകയുള്ളൂ. ബില്ല് ലഭിച്ചവർ വിവരം വാട്ടർ അതോറിട്ടിയുടെ നന്ദിയോട് ഓഫീസിൽ അറിയിച്ചുവെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.