ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ച സംഭവം; യുവാവ് അറസ്റ്റിൽ

Monday 29 September 2025 2:41 AM IST

സുൽത്താൻ ബത്തേരി: മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവന്ന മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴേരി പോണചേരി വീട്ടിൽ അനസ് (38) ആണ് അറസ്റ്റിലായത്. പഴേരി മംഗലത്ത് വില്ല്യംസ് (53) മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിലാണ് യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ പഴേരിയിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും അനസ് വില്ല്യംസിനെ കൈകൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറ‌ഞ്ഞിരുന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയലിരിക്കെ വില്യംസ് ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. വയറിനും നെഞ്ചിനുമേറ്റ സാരമായ പരിക്കുകളാണ് മരണകാരണം. അനസ് മുമ്പും നിരവധി കേസുകളിലെ പ്രതിയാണ്.

മരണപ്പെട്ട വില്യംസിന്റെ ഭാര്യ ഷീജ. മക്കൾ: സ്റ്റീഫൻ, സ്റ്റെയിംസ്, അലീന, അലൻ. മരുമകൾ: സമിത.