ക്ഷയ രോഗികൾക്ക് ഭക്ഷ്യ ധാന്യ കിറ്റ്

Monday 29 September 2025 12:00 AM IST

തൃശൂർ: ക്ഷയ രോഗികൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി പാണഞ്ചേരി പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രീഷ്മ കിറ്റ് ഏറ്റുവാങ്ങി.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 19 ഗുണഭോക്താക്കൾക്കാണ് 1500 രൂപയിൽ താഴെ വില വരുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഒരു മാസത്തേക്കുള്ള മട്ട അരി, ഗോതമ്പ് പൊടി, റാഗി പൊടി, പരിപ്പ്, ചെറുപയർ, പാൽപ്പൊടി, വെളിച്ചെണ്ണ, കടല, കശുവണ്ടി, ഈന്തപ്പഴം എന്നിവയുൾപ്പെടെ 12 ഇനങ്ങളുടെ കിറ്റാണ് ഓരോ മാസവും നൽകുന്നത്. ത്രിവേണി സ്റ്റോറിൽ നിന്നാണ് കിറ്റിലേക്കാവശ്യമായ വസ്തുക്കൾ സംഭരിക്കുന്നത്. തൃശൂർ ടി.ബി സെന്റർ സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ സാലി പദ്ധതി വിശദീകരിച്ചു.